print edition മിന്നലേറ്റ് ഫയർവാൾ തകരാറിലായി; ഇന്റർനെറ്റ് നിലച്ചു; കലിക്കറ്റ് സർവകലാശാല സ്തംഭിച്ചു

കലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം : മിന്നലേറ്റ് ഇന്റർനെറ്റ് സംവിധാനം തകരാറിലായതോടെ കലിക്കറ്റ് സർവകലാശാല പ്രവർത്തനം സ്തംഭിച്ചു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലയിലെത്തിയ നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ളവർ ദുരിതത്തിലായി. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മിന്നലിലാണ് ഇന്റർനെറ്റ് സംവിധാനം നിലച്ചത്.
കമ്പ്യൂട്ടർ ശൃംഖലയെ അനധികൃതമായ കടന്നുകയറ്റങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്ന സുരക്ഷാ സംവിധാനമായ ഫയർവാളാണ് തകരാറിലായത്. ഇനി പുതിയത് സ്ഥാപിക്കണം. 40 ലക്ഷത്തോളം രൂപ വിലവരുന്ന ഫയർവാൾ അഹമ്മദാബാദിൽ നിന്നാണ് എത്തിക്കേണ്ടത്. ഇതിന് ഓർഡർ നൽകിയിട്ടുണ്ട്.
ഇതെത്തിയാൽ മാത്രമെ ഇന്റർനെറ്റ് പുന:സ്ഥാപിക്കാനാവൂ. അതിനാൽ ശനിയാഴ്ചയും സർവകലാശാലയുടെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിക്കും. ഫയർവാൾ മാറ്റിയതിന് ശേഷമെ സർവറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നും ഡാറ്റകൾ സുരക്ഷിതമാണോയെന്നും പരിശോധിക്കാനാവൂ.
വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചിരുന്നു. നിലവിൽ ചോദ്യപേപ്പറുകൾ അതത് ദിവസം രാവിലെ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ഇന്റർനെറ്റ് സംവിധാനം പുന:സ്ഥാപിച്ചാൽ മാത്രമെ പരീക്ഷകളും നടത്താൻ കഴിയൂ. ശനിയാഴ്ച പരീക്ഷയില്ല.
ഞായറാഴ്ചയോടെ ഫയർ വാളെത്തിയില്ലെങ്കിൽ തിങ്കളാഴ്ച പരീക്ഷ പ്രതിസന്ധിയിലാവും. സർവകലാശാലാ ജീവനക്കാർക്കും അധ്യാപകർക്കും പഞ്ചിങ്ങും നടത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പകരമുള്ള ഫെയ്സ് ആപ്പിനും തടസ്സങ്ങൾ നേരിട്ടു.






0 comments