കെ ബാലകൃഷ്ണൻ നമ്പ്യാർ പുരസ്കാരം മാണിയാട്ട് വിജ്ഞാനദായിനി വായനശാലയ്ക്ക്

തൃക്കരിപ്പൂർ ഒരു നൂറ്റാണ്ട് നാടിന് വായനയിലൂടെ വെളിച്ചമേകിയ മാണിയാട്ട് വിജ്ഞാനദായിനി വായനശാല പുരസ്കാര നിറവിൽ. ഭാഷാധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ അഞ്ചാമത് പുരസ്കാരമാണ് വിജ്ഞാനദായിനിയെ തേടിയെത്തിയത്. മാണിയാട്ട് ദേശത്ത് നാടക പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിച്ചേർന്ന വിദ്വാൻ പി കേളു നായരുടെ നേതൃത്വത്തിലാണ് 1927ൽ വായനശാല സ്ഥാപിതമായത്. പുതിയ നാടകത്തിന്റെ അവതരണം ലക്ഷ്യമാക്കി എത്തിച്ചേരുകയും ഇവിടുത്തെ യുവാക്കളെ ഉൾപ്പെടുത്തി ‘വിവേകോദയം' എന്ന ആ സാമൂഹ്യനാടകം ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയുംചെയ്‌ത വിദ്വാൻ പി കേളുനായരുടെ മുൻകൈയിലാണ് വിജ്ഞാനദായിനി വായനശാല നാടകപ്രവർത്തനം തുടങ്ങിയത്. ഐക്യകേരള പ്രസ്ഥാനം സജീവമായ ഘട്ടത്തിൽ വായനശാലയ്ക്ക് സ്വന്തമായ സ്ഥലവും കെട്ടിടവുമായി. കല്ലത്ത് കൃഷ്ണൻ മാസ്റ്റർ സംഭാവനചെയ്ത നാല് സെന്റ് സ്ഥലത്ത് അന്നത്തെ നിലയിൽ മികച്ച കെട്ടിടം പണിയാനും പുസ്‌തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തി ഒരു വായനശാല പൂർണരൂപത്തിൽ പ്രവർത്തിപ്പിക്കാനും കഴിഞ്ഞു. 1993ലാണ് നിലവിലുള്ള, രണ്ടുനിലക്കെട്ടിടം പണിതത്. ഒരാണ്ട് നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷ പരിപാടികൾ തുടക്കമായി.









0 comments