മാധ്യമങ്ങൾ സംഘപരിവാറിന്റെ കുഴലൂത്തുകാരായി: പുത്തലത്ത് ദിനേശൻ

ദേശാഭിമാനി കൊടകര ഏരിയ സെമിനാർ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു
മാള/കൊടകര
മലയാള മാധ്യമങ്ങൾ സംഘപരിവാറിന്റെ കുഴലൂത്തുകാരായി മാറിയെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തെ പടിയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി മാള, കൊടകര ഏരിയകളിൽ നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയരാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന ഇടതുപക്ഷത്തിന്റെ പ്രസക്തി തമസ്കരിക്കാനാണ് ശ്രമം. ഡൽഹിയിൽ നടക്കുന്ന പോരാട്ടങ്ങളെ, സിജെപിയും ആംആദ്മി പാർടിയും പോലുള്ള സംഘടനകളെ ചേർത്തുനിർത്തി, രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന രീതിയിലേക്ക് വളർത്തിയതും ദിശാബോധം നൽകിയതും ഇടതുപക്ഷമാണ്. ജനാധിപത്യത്തിന്റെ സംരക്ഷകരായി മാറേണ്ട മാധ്യമങ്ങൾ ആ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് ആലോചിക്കണം. ബാബറി മസ്ജിദ് തകർത്തപ്പോൾ ‘തർക്കമന്ദിരം തകർത്തു’ എന്നും അയോധ്യയിലെ പ്രതിഷ്ഠാ വാർത്തയ്ക്ക് ‘പുതുയുഗപ്പിറവി’ എന്നും തലക്കെട്ടുകൊടുത്തവരാണ് മലയാള മാധ്യമങ്ങൾ. ‘ബാബറി മസ്ജിദ് തകർത്തു’ എന്നും ‘വോട്ട് പ്രതിഷ്ഠ’ എന്നും തലക്കെട്ടിടാൻ ആർജ്ജവം കാണിച്ചത് ദേശാഭിമാനിയാണ്. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. വ്യത്യസ്തധാരകൾ ഒന്നുചേർന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഉരുത്തിരിഞ്ഞ കാഴ്ചപ്പാടിൽനിന്നാണ് ഇന്ത്യൻ ഭരണഘടന രൂപം കൊണ്ടത്. ഭരണഘടനാ സംരക്ഷണ പോരാട്ടത്തിലും ഇൗ വൈവിധ്യം കാണാനാവും– പുത്തലത്ത് ദിനേശൻ പറഞ്ഞു.









0 comments