Deshabhimani

എൻഎസ്എസ് എൻജി. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌

സിസ തോമസിന് തിരിച്ചടി; എസ്എഫ്ഐയുടെ പത്രികകൾ തള്ളിയത് ഹൈക്കോടതി റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2026, 01:11 AM | 1 min read

പാലക്കാട്

അകത്തേത്തറ എൻഎസ്എസ് എൻജിനിയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിലെ 25 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളിയ നടപടി ഹൈക്കോടതി റദ്ദാക്കി. പത്രിക സമർപ്പിച്ച മുഴുവൻ എസ്എഫ്ഐ സ്ഥാനാർഥികളെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയത്‌. സാങ്കേതിക സർവകലാശാല(കെടിയു) വൈസ് ചാൻസലർ സിസ തോമസ്‌ കോളേജ് പ്രിൻസിപ്പലിനോട്‌ ഇ–മെയിൽവഴി എസ്എഫ്ഐ വിദ്യാർഥികളുടെ നാമനിർദേശ പത്രിക തള്ളണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. ഇത്‌ അംഗീകരിച്ച്‌ പ്രിൻസിപ്പൽ പത്രികകൾ തള്ളി. പിന്നാലെ കോളേജ് അധികൃതരുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാത്രി വൈകിയും എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ തിങ്കളാഴ്ച വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാമെന്ന് കോളേജ് അധികൃതർ അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയും പത്രിക സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്നാണ് കോളേജ് അധികൃതരുടെയും വി സിയുടെയും നടപടിക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച കോടതി എല്ലാ പത്രികകളും സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു. സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലിനാണ് കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടത്. എബിവിപി, കെഎസ്‌യു എന്നീ സംഘടനകൾക്കുവേണ്ടിയാണ്‌ വിസി ഇടപെടൽ നടത്തിയതെന്നും ഹൈക്കോടതി വിധി കാമ്പസിലെ ജനാധിപത്യ പ്രക്രിയയുടെ വിജയമാണെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home