Deshabhimani

കണ്ണീരിൽ
കുതിർന്ന്‌ ഉള്ളിവില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2026, 01:48 AM | 1 min read

​കൊല്ലം​

കണ്ണീരിൽ കുതിർന്ന്‌ ഉള്ളിവില. മുട്ടക്കറിയിൽനിന്ന്‌ ഒ‍ൗട്ടായി കൊച്ചുള്ളി. വെളുത്തുള്ളി വിലയും ഡബിൾ സെഞ്ചുറിയിലേക്ക്‌. ബീൻസ്‌, നാരങ്ങ, പയർ, പാവൽ തുടങ്ങി മറ്റ്‌ അവശ്യസാധനങ്ങളുടെ വിലയും നാൾക്കുനാൾ കുതിക്കുന്നു. വിപണി ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകാത്തത്‌ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ പൂർണമായും താളം തെറ്റിക്കുന്നു. ഓണത്തിനുമുന്പേ കുതിച്ചുകയറിയ നിത്യോപയോഗ സാധനവില മാസങ്ങൾ പിന്നിട്ടിട്ടും തുടരുകയാണ്‌. പൂജ, ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങൾകൂടി എത്തിയതോടെ പിടിച്ചാൽ കിട്ടാത്തവിധം വില വർധിക്കുകയാണ്‌. മൊത്തവിൽപ്പനശാലകളിൽ കൊച്ചുള്ളിക്ക്‌ വില കിലോയ്‌ക്ക്‌ 110മുതൽ 120രൂപ വരെയായതോടെ ചെറുകിട സ്ഥാപനങ്ങളിൽ വില 150 വരെ എത്തി. ഇതോടെ ഹോട്ടലുകളിലെ മുട്ടക്കറിയിൽ കൊച്ചുള്ളിക്ക്‌ സ്ഥാനം നഷ്ടമായി. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന്‌ എത്തിക്കുന്ന ഉള്ളി പാവൂർഛത്രം, ഒട്ടൻഛത്രം, ശങ്കരൻ കോവിൽ, കോയന്പത്തൂർ എന്നീ മാർക്കറ്റുകളിൽനിന്നാണ്‌ ജില്ലയിൽ എത്തുന്നത്‌. ഇ‍ൗ സംസ്ഥാനങ്ങളിൽ തുടരുന്ന ശക്തമായ മഴയില്‍ വിളകള്‍ നശിക്കുന്നതുകാരണം ഉള്ളി വിലയിലെ കുതിപ്പ് തുടര്‍ന്നേക്കും. മൺസൂൺ മഴ വൈകിയെത്തിയത്‌ ഇവിടങ്ങളിലെ കൃഷിയെ ദോഷകരമായി ബാധിച്ചു. സെപ്‌തംബറിൽ വിളവെടുക്കേണ്ട ഉള്ളി ഇക്കുറി ഒക്ടോബർ അവസാനത്തോടെ മാത്രമേ വിളവിന്‌ പാകമാകൂ. വിദേശ വെളുത്തുള്ളി വില റെക്കോഡിലേക്കാണ് കുതിക്കുന്നത്. ഇ‍ൗജിപ്‌തിൽനിന്ന്‌ എത്തുന്ന വെളുത്തുള്ളിക്ക്‌ ബുധനാഴ്ചത്തെ വില 200മുതൽ 210വരെയാണ്‌. സാധാരണ വെളുത്തുള്ളിക്ക്‌ 100–150രൂപയുണ്ട്‌. കേട്‌ കൂടുതലുള്ളതിനാൽ ഇപ്പോൾ കൂടുതൽ പേരും ആശ്രയിക്കുന്നത്‌ ഇ‍ൗജിപ്‌തിൽനിന്നുള്ള വെളുത്തുള്ളിയെ ആണെന്ന്‌ കച്ചവടക്കാർ പറയുന്നു. അതിനിടെ സവാളയ്‌ക്ക്‌ സമാനമായ ചിറ്റുള്ളിക്ക്‌ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്‌, കിലോ 35രൂപയാണ്‌ വില. ഓണം മുതൽ കുത്തനെ ഉയർന്ന ചെറുനാരങ്ങ വിലയിലും മാറ്റമില്ല. ചെറിയ ഇനം ചെറുനാരങ്ങയ്ക്ക് 200രൂപയാണ് വില. വലുതിന്‌ വിലയേറും. പുളിയങ്കുടി മാർക്കറ്റിൽനിന്നാണ്‌ നാരങ്ങ എത്തുന്നത്‌. മൈസൂരിലെ ഹൊസൂരിൽനിന്നുള്ള ബീൻസിന്‌ 100–110രൂപയാണ്‌ മൊത്തവില. പയർ 70, പാവൽ 80രൂപയ്‌ക്കുമാണ്‌ വിറ്റുപോകുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home