Deshabhimani

പൊലീസ്‌ അതിക്രമം: പ്രതിഷേധത്തീയായി എസ്‌എഫ്‌ഐ

പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംഘടിപ്പിച്ച കന്റോൺമെന്റ്‌ പൊലീസ് സ്റ്റേഷൻ മാർച്ച് ​

പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംഘടിപ്പിച്ച കന്റോൺമെന്റ്‌ പൊലീസ് സ്റ്റേഷൻ മാർച്ച് ​

വെബ് ഡെസ്ക്

Published on Oct 15, 2026, 01:10 AM | 1 min read

തിരുവനന്തപുരം

തുടർച്ചയായ പൊലീസ്‌ അതിക്രമത്തിനെതിരെ തലസ്ഥാനത്ത്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച മാർച്ച്‌ പ്രതിഷേധത്തീയായി. ബുധനാഴ്‌ച നടന്ന കന്റോൺമെന്റ്‌ പൊലീസ്‌ സ്റ്റേഷൻ മാർച്ചിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരായ കന്റോൺമെന്റ്‌ സിഐ, എസ്‌ഐ എന്നിവരുടെ പ്രതികാര നടപടി, വിദ്യാർഥികളെ അനാവശ്യമായി കസ്റ്റഡിയിലെടുക്കൽ, യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ ആക്രമണം‍ എന്നിവയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ സംഘടിപ്പിച്ച മാർച്ച്‌ എജീസ്‌ ഓഫീസിന്‌ സമീപം ബാരിക്കേഡ്‌ നിരത്തി പൊലീസ്‌ തടഞ്ഞു. പ്രവർത്തകർക്കുനേരേ നാലുവട്ടം ജലപീരങ്കിയും പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ എസ്‌എഫ്‌ഐ വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം ആനന്ദിന്‌ കണ്ണിന്‌ പരിക്കേറ്റു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് വിദ്യാർഥിയാണ്‌. പരിശോധനയിൽ കണ്ണിലെ ഞരമ്പിന്‌ പ്രശ്‌നമുള്ളതായി കണ്ടെത്തി. പെൺകുട്ടികൾ അടക്കമുള്ളവരെ തെരഞ്ഞുപിടിച്ചും മാധ്യമപ്രവർത്തകർക്കുനേരെയും പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന്‌ മുകളിലും തറയിലുമായി മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. തുടർന്ന്‌ സ്ഥലത്തെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഡിജിപിയെ ഫോണിൽ വിളിച്ച്‌ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നറിയിച്ചു. അസി. കമീഷണറുടെ ഓഫീസിൽ എസ്‌എഫ്‌ഐ പ്രതിനിധികളും ഡിസിപിയുമായി ചർച്ച നടത്തി. കന്റോൺമെന്റ്‌ സിഐ സതീഷ്‌കുമാറിനെ സ്ഥലം മാറ്റുമെന്നും‍ എസ്‌ഐ ഗോകുലിനെതിരെ നടപടിയെടുക്കുമെന്നുമുള്ള ഉറപ്പ്‌ ലഭിച്ചതോടെ പ്രവർത്തകർ മടങ്ങി. മാർച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സംസ്ഥാന കമ്മിറ്റിഅംഗം അവ്യകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ്‌ വിജയ്‌ വിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home