Deshabhimani

"സുഭിക്ഷ' ഹോട്ടലുകൾ അടഞ്ഞിട്ട്‌
മാസങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2026, 01:46 AM | 1 min read

കൊല്ലം

വിശന്നുവലഞ്ഞെത്തുന്നവർക്ക്‌ സുഭിക്ഷമായി ഭക്ഷണം ലഭ്യമാക്കിയിരുന്ന ജില്ലയിലെ "സുഭിക്ഷ’ ഹോട്ടലുകൾ അടഞ്ഞ്‌ മാസങ്ങളായിട്ടും കുലുക്കമില്ലാതെ പൊതുവിതരണ വകുപ്പ്‌. കൊല്ലം, പുനലൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകളാണ്‌ പൂട്ടിയത്‌. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ്‌ ആരംഭിച്ചത്‌. കൊല്ലം എഫ്‌സിഐ ഗോഡ‍ൗണിനോടുചേർന്നും പുനലൂർ തൂക്കുപാലത്തിന്‌ സമീപവും പ്രവർത്തിച്ചിരുന്ന ഹോട്ടലുകളാണിവ. പുനലൂരിലെ ഹോട്ടലിൽ ജീവനക്കാർക്ക്‌ സർക്കാർ സബ്‌സിഡി ലഭ്യമാക്കാത്തതാണ്‌ പ്രതിസന്ധി സൃഷ്ടിക്കുന്നത്‌. കൊല്ലത്ത്‌ ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഷെഡ്‌ പെട്രോൾ പന്പ്‌ നിർമാണത്തിനായി പൊളിച്ചശേഷം പകരം സംവിധാനത്തിന്‌ വകുപ്പ്‌ എംഡി അനുമതി നൽകിയില്ല. ഇവിടെ ഹോട്ടലിനായി ഉദ്യോഗസ്ഥർ താൽക്കാലികമായി ഷെഡ്‌ നിർമിച്ചിരുന്നു. എന്നാൽ, ഇതിന്‌ സപ്ലൈകോ എംഡി അനുമതി നൽകാത്തത്‌ പ്രതിസന്ധി രൂക്ഷമാക്കി. പുതിയ വാടകക്കെട്ടിടം ഏറ്റെടുക്കാൻ ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ ശ്രമിച്ചെങ്കിലും വാടക നൽകാൻ സർക്കാർ തയ്യാറല്ല. അവിയൽ, അച്ചാർ, പുളിശേരി, തോരൻ, സാന്പാർ എന്നിവ അടക്കമുള്ള ഉ‍ൗണ്‌ 30രൂപയ്‌ക്കായിരുന്നു ഇവിടെ ലഭിച്ചിരുന്നത്‌. കൂടാതെ 30രൂപയ്‌ക്ക്‌ മീൻകറിയും 60രൂപയ്‌ക്ക്‌ ബീഫ്‌ കറിയും കിട്ടുമെന്നതും പ്രത്യേകതയായിരുന്നു. അതിനാൽ നഗരത്തിലെ കോളേജ്‌ വിദ്യാർഥികൾ, ലോറി– ഓട്ടോഡ്രൈവർമാർ, വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ അടക്കമുള്ളവരുടെ ആശ്രയകേന്ദ്രമായിരുന്നു സുഭിക്ഷ. ദിവസം ശരാശരി 500 ഉ‍ൗണ്‌ വിറ്റുപോയിരുന്നു. സർക്കാരിൽനിന്ന്‌ ഒരു ഉ‍ൗണിന്‌ അഞ്ചുരൂപ സബ്‌സിഡിയും മാസം 10.90രൂപയ്‌ക്ക്‌ 600കിലോ അരിയും ലഭിച്ചിരുന്നു. 2022 ഏപ്രിലിലാണ്‌ സുഭിക്ഷ ഹോട്ടൽ തുടങ്ങിയത്‌. 2025മുതൽ സ‍ൗജന്യമായി അരി ലഭ്യമാക്കി. 2025 ജൂലൈ വരെ ഊണിന് 20രൂപയായിരുന്നു. നാലുപേരായിരുന്നു ജീവനക്കാർ. നിലവിൽ ജില്ലയിൽ കുന്നത്തൂർ താലൂക്കിലെ ഭരണിക്കാവിൽ മാത്രമാണ്‌ ഹോട്ടൽ പ്രവർത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home