print edition നിധിൻരാജിന്റെ മരണം: മുൻകൂർജാമ്യ ഹർജിയിൽ വാദം തുടങ്ങി

നിധിൻരാജ്
തലശേരി : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി, നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ആർ എൽ നിധിൻരാജ് ജീവനൊടുക്കിയ കേസിൽ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയും ബയോകെമിസ്ട്രി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഏഴോം കൊട്ടിലയിലെ ഡോ. ലത ശശിധരനും നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ജില്ലാ സെഷൻസ് കോടതിയിൽ വാദം തുടങ്ങി.
മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാർ വാദിച്ചു. നിധിൻരാജ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രോസിക്യൂട്ടർ ഹാജരാക്കി. പ്രിൻസിപ്പലും അധ്യാപികയും നിധിൻരാജിനെ 48 മിനിറ്റ് അന്യായമായി തടങ്കലിൽവയ്ക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
ഇവർ ഭീഷണിസ്വരത്തിൽ സംസാരിക്കുന്നതും വിദ്യാർഥി കരയുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്. നിധിൻരാജ് കരഞ്ഞുകൊണ്ട് പോകുന്നതാണ് അവസാന ഭാഗത്തുള്ളത്. പ്രോസിക്യൂട്ടർ ദൃശ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ, നിധിൻരാജിന്റെ അച്ഛൻ രാജന്റെ വൈകാരികമായ ഇടപെടലിനും കോടതി സാക്ഷിയായി. രാജന്റെ നിലവിളിയിൽ കോടതി നടപടി അൽപ്പനേരം തടസ്സപ്പെട്ടു.
19ന് തുടർവാദം കേൾക്കാനായി ഹർജി മാറ്റി. ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽനിന്ന് വീണ് നിധിൻരാജ് മരിച്ചത്. കേസിൽ ഒന്നാം പ്രതിയായ ഡോ. എം കോതണ്ഡ റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ഡോ. കെ ടി സംഗീത- മുൻകൂർജാമ്യം നേടി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.-








0 comments