Deshabhimani

ബിജെപിയുടെ വേട്ടയാടൽ നയമാണ്‌ കേരളത്തിലും: എം വി ജയരാജൻ

 മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 15, 2026, 01:18 AM | 1 min read

തിരുവനന്തപുരം

ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബിജെപി ഡൽഹിയിൽ സ്വീകരിക്കുന്ന അതേ നയമാണ്‌ യുഡിഎഫ്‌ സർക്കാർ കേരളത്തിലും നടപ്പാക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ. പൊലീസ്‌ അതിക്രമങ്ങൾക്കെതിരെ എസ്‌എഫ്‌ഐ കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധക്കാർക്കുനേരേ ഡൽഹിയിൽ പൊലീസ്‌, അർധസേന വിഭാഗം സ്വീകരിക്കുന്ന വേട്ടയാടൽ നയത്തിന്റെ പാതയിലാണ്‌ യുഡിഎഫും. കന്റോൺമെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെ മർദകവീരന്മാരായ സിഐക്കും എസ്ഐക്കുമെതിരെ നടപടിയെടുക്കണമെന്ന എസ്‌എഫ്‌ഐയുടെ ആവശ്യം ന്യായമാണ്‌. ഭീകരമായാണ്‌ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ ഗേറ്റ്‌ തകർത്ത്‌ വിദ്യാർഥികളെ ലാത്തികൊണ്ട്‌ തല്ലിച്ചതച്ചത്‌. ഒരു തെറ്റും ചെയ്യാത്തവരെയാണ്‌ മർദിച്ചത്‌. കഴിഞ്ഞദിവസം തൃശൂർ നാട്ടികയിൽ ടോൾ ബൂത്തിലെ അനധികൃത പിരിവിനെതിരെ നാനാരാഷ്‌ട്രീയമുള്ളവർ പ്രതിഷേധിച്ചിരുന്നു. അവരുടെയും തല പൊലീസ്‌ തല്ലിപ്പൊളിച്ചു. എന്നാൽ, മദ്യപിച്ച്‌ കാറോടിച്ച്‌ മൂന്നുപേരുടെ ജീവൻ കവർന്ന പ്രതിയെ രക്ഷിക്കാനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌. നാടാകെ പൊലീസ്‌ രാജാണ്‌. ഇതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ ആഭ്യന്തര മന്ത്രി പൊലീസിനെ പിന്തുണച്ചു. പൊലീസ്‌ നരനായാട്ടിനെ ന്യായീകരിക്കുന്ന പൊലീസ്‌ മേധാവിയും സംസ്ഥാനത്ത്‌ സമാധാനം ആഗ്രഹിക്കുന്നില്ല. ഇത്തരം അതിക്രമങ്ങൾക്കെതിരെ നടപടിയുണ്ടാകണം. ന്യായമായ ആവശ്യമുയർത്തി വിദ്യാർഥികൾ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home