"ഇരുണ്ടകാല'ത്തിനെതിരെ പ്രതിഷേധച്ചൂട്ടുകൾ

മരത്താക്കര കെഎസ്ഇബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ സുകന്യ ബൈജു ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കേരളത്തെ ഇരുട്ടിലാക്കി ദുരിതകാലത്തിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിനെതിരെ നാടിന്റെ പ്രതിഷേധച്ചൂട്ടുകൾ ജ്വലിച്ചു. രാത്രിയിൽ ചൂടെടുത്ത് വലയുന്ന മനുഷ്യരെ മുന്നറിയിപ്പില്ലാത്ത പവർകട്ടിലൂടെ ദ്രോഹിക്കുന്ന യുഡിഎഫ് സർക്കാരിനെതിരായ നാടിന്റെ പ്രതിഷേധമായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടന്ന സമരംമാറി. "കേരളം ഇരുണ്ട കാലത്തേയ്ക്കോ?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ കെഎസ്‌ഇബി ഓഫീസുകളിലേക്ക് നടത്തിയ ചൂട്ട് കത്തിച്ചുള്ള പ്രതിഷേധ മാർച്ചിന് വലിയ പിന്തുണയാണ് ലഭിച്ചത്. കുഞ്ഞു കുട്ടികൾ, കിടപ്പ് രോഗികൾ, വ്യാപാരികൾ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറയിലുള്ളവർക്ക് വലിയ ദുരിതമാണ് ലോഡ് ഷെഡിങ് സമ്മാനിക്കുന്നത്. രാത്രിയിൽ അപ്രഖാപിതമായി നടത്തുന്ന പവർകട്ട് വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതിന്റെ നേർസാക്ഷ്യമാണ്. പവർകട്ടിൽ വലഞ്ഞ ജനത്തിന്റെ രോഷത്തിന് കെഎസ്‌ഇബി ഓഫീസുകൾ സാക്ഷിയായി. മാടക്കത്തറ കെഎസ്‌ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗ്രീഷ്‌മ അജയഘോഷും ആന്പല്ലൂരിൽ ജില്ലാ സെക്രട്ടറി കെ എസ് റോസൽ രാജും പെരിഞ്ഞനത്ത് പ്രസിഡന്റ് പി എച്ച് നിയാസും ഒല്ലൂരിൽ ട്രഷറർ സുകന്യ ബൈജുവും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആഷിക് വലിയകത്ത് കുന്നംകുളത്തും എറിൻ ആന്റണി ചാവക്കാടും സി എസ് സംഗീത് ചേർപ്പിലും ഉദ്‌ഘാടനം ചെയ്‌തു.










0 comments