Deshabhimani

അംഗീകാരങ്ങളുടെ 'നടുവിൽ' ശശിധരൻ

 ശശിധരൻ നടുവിൽ
വെബ് ഡെസ്ക്

Published on Jun 28, 2025, 12:11 AM | 2 min read

ചേർപ്പ്

കേരള സംഗീത നാടക അക്കാദമിയുടെ 2024–-ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തൃശൂരിലെ നാടക പ്രവർത്തകർക്ക്‌ ഇത്‌ അഭിമാന നിമിഷം. നാടക രംഗത്ത്‌ ശശിധരൻ നടുവിലിന്റെ പേര്‌ കേൾക്കാൻ തുടങ്ങിയിട്ട്‌ അര നൂറ്റാണ്ടായി. ശ്വാസം പോലെ നാടകത്തെ കൊണ്ടു നടക്കുന്ന ശശിധരൻ നടുവിൽ 450 ൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്തു. മറ്റു ഭാഷകളിലുൾപ്പെടെ മുപ്പതോളം സാഹിത്യ രചനകൾ നാടക രൂപത്തിലേക്ക് മാറ്റിയെഴുതി. 13 നാടകങ്ങൾ സ്വന്തമായി രചിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, മാനനീയം നാടക ജ്യോതിസ് അവാർഡ്, ഗ്രാമികയുടെ പ്രഥമ മോഹൻ രാഘവൻ അവാർഡ്, രംഗമുദ്രയുടെ സത്യൻ സ്മാരക അവാർഡ്, കാൻബറ ഓക്കർ തിയറ്റർ അവാർഡ്, സിഡ്നി ആർട്ട്‌ കലക്ടീവ് അവാർഡ്, ബദൽ മീഡിയ അവാർഡ്, തൃശൂർ രംഗചേതന അവാർഡ്, ഭാരത് ഭവൻ അവാർഡ്, അയർലണ്ട് ഐ മണ്ഡല- മലയാളം ആദരവ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ശശിധരനെ തേടിയെത്തി. ‘പിത്തള ശലഭം' എന്ന നാടകത്തിനാണ്‌ മികച്ച രചനയ്ക്കുള്ള 2024–-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്‌. വല്ലച്ചിറ ഗ്രാമീണ നാടക വേദിയിൽ നിന്നാണ് ശശിധരന്റെ നാടക യാത്ര തുടങ്ങുന്നത്. 1987 ൽ ഡൽഹിയിൽ നടന്ന ‘നാട്യ സമാരോ ഹിൽ’ പരിപാടിയിൽ പങ്കെടുത്തു. 11 തവണ വിവിധ യൂണിവേഴ്സിറ്റികൾക്ക് വേണ്ടി സൗത്ത് സോൺ നാഷണൽ ഫെസ്റ്റിവലുകളിൽ നാടകങ്ങൾ അവതരിപ്പിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നാടക മത്സരങ്ങളിൽ 21 തവണ മികച്ച സംവിധായകനായി. ഡൽഹിയിലെ ഭാരത് രംഗ മഹോത്സവം, മഹീന്ദ്ര - എക്സലൻസി തിയറ്റർ അവാർഡ് ഫെസ്റ്റിവൽ, മുബൈ കേളി ഫെസ്റ്റിവൽ, മൈസൂർ രംഗായന ഫെസ്റ്റിവൽ, ഇറ്റ്ഫോക്, പിആർഡി ഫെസ്റ്റിവൽ ഉൾപ്പെടെ 50–-ലധികം വേദികളിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. തിയറ്റർ ഒളിമ്പിക്സിലും നാടകം അവതരിപ്പിച്ചു. കാലനെ തീനി, ഡെത്ത് വാച്ച്, ദ മെൻ വിത്തൗട്ട് ഷാഡോ, തമസ്സ്, ചോമനദുഡി, പാലി, ബാല്യകാല സഖി, പുലപ്പേടി, കാർമെൻ ജീസസ്, ക്രൈസ്റ്റ് ദ സൂപ്പർ സ്റ്റാർ, കിഴവനും കടലും, ബാൽക്കണി, ഹിഗ്വിറ്റ, ഇരിക്കപ്പിണ്ഡം കഥ പറയുന്നു, തവിട്ടു പിത്തലാട്ടം, മഹാ പരദേശം, ഗദ്ദിക എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന നാടകങ്ങൾ. നിരവധി നാടക മത്സരങ്ങളിൽ വിധികർത്താവായി . യുഎഇ, ആസ്ത്രേലിയ, സിഡ്നി, അയർലണ്ട് എന്നീ രാജ്യങ്ങളിലും നാടകങ്ങൾ അവതരിപ്പിച്ചു. വല്ലച്ചിറയിൽ പ്രവർത്തിക്കുന്ന റിമംബറൻസ് തിയറ്റർ ഗ്രൂപ്പ് ജോസ് ചിറമ്മൽ നാടക ദ്വീപിന്റെ സ്ഥാപകനും ഡയറക്ടറുമാണ് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home