192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

കെ എസ് ഹരികൃഷ്ണൻ, ഷിനു സെബാസ്റ്റ്യൻ
ആലുവ
ആലുവയിലെ ലോഡ്ജിൽ പൊലീസ് നടത്തിയ പരിശോധനയിൽ 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. പള്ളുരുത്തി തറേഭാഗം കുട്ടത്തിപ്പറമ്പിൽ കെ എസ് ഹരികൃഷ്ണൻ (32), തോപ്പുംപടി പ്രതീക്ഷനഗർ കെ വി തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് അറസ്റ്റിലായത്. എട്ടുലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ എന്ന് പൊലീസ് പറഞ്ഞു.
റൂറൽ എസ്‌പി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസുമായി ചേർന്ന് തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ഏഴുഗ്രാം എംഡിഎംഎകൂടി കണ്ടെത്തി. ടൂറിസ്റ്റ് ബസിൽ യാത്രക്കാരായെത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്.
എറണാകുളം, ആലുവ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് എത്തിച്ചതെന്നാണ് വിവരം. ഡിവൈഎസ്‌പിമാരായ ബൈജു പൗലോസ്, ബിനു കുമാർ, ആലുവ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എച്ച് ഷമീർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ രഞ്ജിത്ത് മാത്യു, വി അനൂപ്, എഎസ്ഐ കെ എ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.







0 comments