ഡോക്ടർ വിദേശത്തേക്ക് കടന്നതായി സംശയം
കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസ്: പ്രതികളെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും

കൊച്ചി
തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് പ്രതിയായ ഡോക്ടർ ജോൺസൺ കെ വർഗീസ് വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്‌ച ഇൻഫോപാർക്ക് പൊലീസ് കേസെടുത്തതോടെ ഒളിവിൽപ്പോയ ഡോക്ടർക്കായി ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
നടി അതുല്യ ചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ. നടിയുടെ ബന്ധുവായ അമ്പതുകാരിയുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് ഇയാൾക്കെതിരെ കേസെടുത്തത്. 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബ്ലാക്ക്‌മെയിലിങ് കേസിൽ അറസ്‌റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ ബി വിഷ്ണു (31) എന്നിവരെ തിങ്കളാഴ്‌ച കടവന്ത്ര പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കേസിൽ നാലുപേർകൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധുവായ അന്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും അറസ്‌റ്റ് ചെയ്‌തത്. നടിയുടെ ബന്ധുവായ അമ്പതുകാരിയുടെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈയിൽനിന്ന് കവർന്ന ഫോൺ ഇവരുടെ കൈയിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. ഇൗ ഫോണുൾപ്പെടെ ഹാജരാക്കിയാണ് ഇൻഫോപാർക്ക് പൊലീസിന് അന്പതുകാരി പരാതി നൽകിയത്.








0 comments