കനത്ത മഴ; വെള്ളക്കെട്ട്

എടതിരിഞ്ഞിയിൽ ചിറയത്ത് ബിജോയിയുടെ വീടിന്റെ മേൽക്കൂര പറന്നുപോയ നിലയിൽ
തൃശൂർ
ജില്ലയിൽ ശനിയാഴ്ച പെയ്തത് കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ മരം വീണ് പത്തോളം വീടുകൾക്ക് ഭാഗിക നാശമുണ്ടായി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് പീച്ചീ ഡാമിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടും. ശക്തമായ കാറ്റിലും മഴയിലും ചേർപ്പ്, താന്ന്യം, ചാഴൂർ എന്നിവിടങ്ങളിൽ വ്യാപക നാശമുണ്ടായി. തീരമേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാടാനപ്പിള്ളി ഗണേശമംഗലം ബീച്ചിൽ കടലേറ്റമുണ്ടായി. എടത്തിരുത്തിയിൽ കാറ്റിൽ മരക്കൊമ്പുവീണ് മസ്ജിദിന് കേടുപറ്റി. വരവൂരിൽ പട്ടത്തവളപ്പിൽ ഭാസ്കരന്റെ വീടിനു മുകളിൽ തേക്കുമരം വീണ് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു. ചേലക്കോട് സൂപ്പിപ്പടിയിൽ സുന്ദരി കൃഷ്ണൻകുട്ടി, എടതിരിഞ്ഞിയിൽ ചിറയത്ത് വിക്ടോറിയ റോഷിയു, മണലൂർ കിഴക്കൂട്ട് ഗംഗാദേവി, ചാവക്കാട് ചേമത്ത് ശ്രീനിവാസൻ എന്നിവരുടെ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. മുകുന്ദപുരം താലൂക്കിലെ പടിയൂർ വില്ലേജിൽ പെരുക്കുട്ടിക്കാട്ടിൽ സഞ്ജയ്യുടെ വീടിനുമുകളിലേക്ക് മരം വീണ് ടെറസ് ഭാഗികമായി തകർന്നു. ചേർപ്പ് പഴുവിൽ ജവഹർ റോഡിൽ പുലിക്കോട്ടിൽ റാഫേലിന്റെ വീടും മണലൂരിൽ ഷൈനി എന്നിവരുടെ വീടുകൾ കാറ്റിലും മഴയിലും ഭാഗികമായി നശിച്ചു. കൊടുങ്ങല്ലൂർ താലൂക്കിൽ പുളിമുട്ടം വില്ലേജിൽ അഷറഫിന്റെ വീടിനുമുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കൊടുങ്ങല്ലൂരിലെ മേത്തല കമ്യൂണിറ്റി ഹാൾ, ചേർപ്പ് ഗവ. ജെ ബി സ്കൂൾ, ചേർപ്പ് ജിവിഎച്ച്എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 33 കുടുംബങ്ങളെ പാർപ്പിച്ചു. 132 പേരാണ് ക്യാമ്പിലുള്ളത്.









0 comments