ad
Deshabhimani

മീൻ കിട്ടാതെ 
മത്സ്യത്തൊഴിലാളികൾ

മീൻ കിട്ടാതെ 
മത്സ്യത്തൊഴിലാളികൾ

ആനാപ്പുഴയോരത്ത് വഞ്ചികൾ കെട്ടിയിട്ട നിലയിൽ

ആനാപ്പുഴയോരത്ത് വഞ്ചികൾ കെട്ടിയിട്ട നിലയിൽ

avatar
പി വി ബിമൽകുമാർ

Published on Apr 24, 2026, 12:16 AM | 1 min read

കൊടുങ്ങല്ലൂർ

പുഴയിൽ മണിക്കൂറുകളോളം വലവീശിയിട്ടും മീൻ കിട്ടാതെ നിരാശയോടെ മടങ്ങുകയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. വേനൽ കടുത്തതാണ് ഉൾനാടൻ മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കിയത്. കനോലി കനാലിലും ആനാപ്പുഴ, ഗോതുരുത്ത്, പുല്ലൂറ്റ്, കാഞ്ഞിരപ്പുഴകളിലും മീൻ പിടിത്തം ഉപജീവനമാക്കിയ തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്. കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും മീനുകളുടെ പ്രജനനത്തിൽ കുറവുണ്ടാക്കിയതായി തൊഴിലാളികൾ പറയുന്നു. ചെമ്മീൻ, കാളാഞ്ചി, കണമ്പ്, ഞണ്ട്, പൂമീൻ, കരിമീൻ, പ്രായൽ തുടങ്ങിയ മീനുകളുടെ ലഭ്യതയിലാണ് കുറവുള്ളത്. പുഴയിൽ വെള്ളത്തിന്‌ ചൂട് കൂടിയതോടെ ഉള്ള മത്സ്യങ്ങൾ പോലും മുകളിലേക്ക് വരുന്നില്ല. പ്രധാന ഉൾനാടൻ മത്സ്യബന്ധന കേന്ദ്രമായ ആനാപ്പുഴ, പൊയ്യ, കരൂപ്പടന്ന, ഗോതുരുത്ത് എന്നിവിടങ്ങളിൽ നൂറിലധികം തൊഴിലാളികളാണ് പുഴയെയും കനാലിനെയും ആശ്രയിച്ച് ജീവിക്കുന്നത്. ചെറുവഞ്ചികളിൽ അതിരാവിലെ മീൻ പിടിക്കാനിറങ്ങിയിട്ടും വലയിൽ മീൻ പെടാതെ നിരാശയോടെയാണ് ഇവർ മടങ്ങുന്നത്. ആവാസ വ്യവസ്ഥയിലും പരിസ്ഥിതിയിലും മലിനീകരണമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പുറമേയാണ് കടുത്ത ചൂടും വില്ലനായത്. കനാലുകളിലും പുഴകളിലും കുളവാഴകൾ നിറയുന്നതും മീന്‍പിടിത്തത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ഫിഷറീസ് വകുപ്പ് മീൻ കുഞ്ഞുങ്ങളെ പുഴയിലും കനാലിലും നിക്ഷേപിച്ചിട്ടുണ്ട്. മഴക്കാലം തുടങ്ങിയാൽ കോൾപ്പാടങ്ങളിൽ നിന്നുള്ള കുളവാഴകൾ കൂട്ടത്തോടെ കനാലിലും പുഴകളിലും ഒഴുകിയെത്തുന്നത് മീൻ പിടിത്തത്തിന് തടസ്സമാകുമെന്നും കുളവാഴകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home