ad
Deshabhimani

 ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു

100ലധികം ശസ്‌ത്രക്രിയ മുടങ്ങി

..
വെബ് ഡെസ്ക്

Published on Jul 08, 2026, 12:08 AM | 1 min read


തൃശൂർ

ജില്ലാ ജനറൽ ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയറ്റർ അടച്ചതിനെത്തുടർന്ന്‌ രോഗികൾ വലയുന്നു. 15 ദിവസത്തിലധികമായി തിയറ്റർ പ്രവർത്തിക്കാത്തതിനാൽ നിരവധി രോഗികളുടെ ശസ്‌ത്രക്രിയയാണ്‌ മുടങ്ങിയത്‌. നൂറിലധികം ശസ്ത്രക്രിയകളാണ്‌ മുടങ്ങിയത്‌. തുറക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഇ‍ൗ ദിവസങ്ങളിൽ തീരുമാനിച്ച ശസ്‌ത്രക്രിയകളും മുടങ്ങും. ചെറിയ ശസ്‌ത്രക്രിയയാണെങ്കിൽ ഒരു ദിവസം ശരാശരി 10 –12 എണ്ണമാണ്‌ നടന്നിരുന്നത്‌. പ്രധാന ശസ്‌ത്രക്രിയകൾ 2–3 എണ്ണവും നടന്നിരുന്നു. ഇതാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയിൽ അധികമായി മുടങ്ങിക്കിടക്കുന്നത്‌. കണ്ണ്‌, അസ്ഥിരോഗ വിഭാഗം, ശസ്‌ത്രക്രിയാ വിഭാഗം എന്നീ വിഭാഗങ്ങളിലെ ശസ്‌ത്രക്രിയകളാണ്‌ മുടങ്ങിയത്‌. എല്ല്‌ പൊട്ടിയവർ,‍ ശരീരത്തിലെ പഴുപ്പ്‌ നീക്കാനുള്ളവർ തുടങ്ങിയവർക്ക്‌ മുൻകൂട്ടി തീയതി നൽകിയ ശസ്‌ത്രക്രിയകളാണ്‌ മാറ്റിവച്ചത്‌. ഇതെല്ലാം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്‌. ശസ്‌ത്രക്രിയക്ക്‌ പുതിയ തീയതി കിട്ടാൻ പരിശോധനകൾ നടത്തേണ്ടിയും വരും. അണുബാധ കണ്ടെത്തിയതിനെത്തുടർന്നാണ് ഓപ്പറേഷൻ തിയറ്റർ അടച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഇത് അതിവേഗം പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ഓപ്പറേഷൻ തിയറ്റർ അണുവിമുക്തമാക്കിയശേഷം ജീവനക്കാർക്ക്‌ സ്വാബ്‌ പരിശോധന നടത്തണം. ഇവർക്ക്‌ ആർക്കും അണുബാധയില്ലെന്ന്‌ ഉറപ്പിക്കാനാണിത്‌. ഇതിനുശേഷമാണ്‌ ഓപ്പറേഷൻ തിയറ്റർ തുറക്കാൻ കഴിയുക. ഇ‍ൗ നടപടികളെല്ലാം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതിനുശേഷമാണ്‌ വീണ്ടും തുറക്കുക. ആ ദിവസം വരെ തീരുമാനിച്ച ശസ്‌ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടി വരും. ആരോഗ്യ വകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയിൽ സാധാരണക്കാരായ രോഗികളാണ്‌ ദുരിതം അനുഭവിക്കുന്നത്‌. കോർപറേഷനു കീഴിലുള്ള ആശുപത്രിയിൽ ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും കോൺഗ്രസ്‌ ഭരണസമിതി തിരിഞ്ഞുനോക്കാൻ പോലും താൽപ്പര്യം കാണിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home