ദേശീയപാത കൊരട്ടിയിൽ കാനയുടെ സ്ലാബിടിഞ്ഞു

ദേശീയപാത കൊരട്ടിയിൽ കാനയ്ക്ക് മുകളിലെ തകർന്ന സ്ലാബ് മണ്ണിട്ട് മൂടിയനിലയിൽ
ചാലക്കുടി
ദേശീയ പാത കൊരട്ടിയിൽ സർവീസ് റോഡിന് സമീപമുളള കാനയുടെ സ്ലാബ് ഇടിഞ്ഞു. പകരം സ്ലാബിടാതെ കോറി വേസ്റ്റ് ഉപയോഗിച്ച് കാനമൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മുരിങ്ങൂർ മുതൽ കൊരട്ടി വരെയുളള ഭാഗങ്ങളിൽ കാനയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ മതിയായ രീതിയിൽ കമ്പിയും, മെറ്റലും, സിമന്റും ചേർക്കാതെയാണ് നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് സ്ലാബിന് മുകളിലൂടെ നടന്നു പോകുന്നത്. ഇതിൽ പലർക്കും വീണ് പരിക്കേറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. കാനയ്ക്ക് മുകളിൽ കനമുള്ള സ്ലാബിടാതെ കട്ടയും, മണ്ണും കാനയിൽ നിറയ്‌ക്കുന്നതു മൂലം വെളളക്കെട്ടും രൂക്ഷമാണ്. കരാറു കാരോടും, ദേശീയപാത അധികൃതരോടും ജനപ്രതിനിധികളോടും നിരവധി തവണ പരാതി പറഞ്ഞിട്ടും ശാശ്വതരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. സംഭവമറിഞ്ഞ് കൊരട്ടി പൊലീസും സ്ഥലത്തെത്തി. കരാറുകാരനെ വിളിച്ചു വരുത്തി ചർച്ച നടത്തി. കാനയിൽ നിറച്ച കോറി വേസ്റ്റ് മാറ്റി വെളളം തടസ്സമില്ലാതെ ഒഴുകി പ്പോകാനുളള സൗകര്യം ഉണ്ടാക്കാമെന്നും അപകടകരമായ സ്ലാബുകൾ നീക്കി ഉറപ്പുള്ള പുതിയ സ്ലാബുകൾ സ്ഥാപിക്കാമെന്നുമുള്ള ഉറപ്പിലാണ് നാട്ടൂകാർ പിരിഞ്ഞുപോയത്.










0 comments