വനിതാ കൗൺസിലർമാരെ ചവിട്ടിമെതിച്ചു
print edition മേയർ ആക്രോശിച്ചു, മാറിനിൽക്കെടാ...

മേയർ വി വി രാജേഷ് മ്യൂസിയം എസിപിയ്ക്കുനേരെ ആക്രോശിക്കുന്നു (ഇടത്) മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും എൽഡിഎഫ് കൗൺസിലർമാരെ ആക്രമിക്കുന്നു (വലത്)
തിരുവനന്തപുരം : വ്യാഴാഴ്‌ച മേയറുടെ ചേംബറിനുമുന്നിൽ ജനാധിപത്യപരമായ രീതിയിലാണ് എൽഡിഎഫ് കൗൺസിലർമാർ ഉപരോധം സംഘടിപ്പിച്ചത്. ഓഫീസിലേക്കുവന്ന ആരെയും തടഞ്ഞില്ല. ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷൻമാരും യഥേഷ്ടം അതിലൂടെ നടക്കുന്നുണ്ടായിരുന്നു. മേയറുടെ ചേംബറിലെ രണ്ടാമത്തെ വാതിലിലൂടെ കൗൺസിലർമാരും ഉദ്യോഗസ്ഥരും സഞ്ചരിക്കുന്നുമുണ്ടായിരുന്നു. ഉപരോധം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് മേയർ വി വി രാജേഷ് വരുന്നുണ്ടെന്നറിയിച്ചശേഷം ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ബിജെപി കൗൺസിലർമാരും പ്രവർത്തകരും കോർപറേഷന്റെ മുറ്റത്ത് തടിച്ചുകൂടിയത്.
പ്രധാനകവാടം കടന്ന് മേയർ എത്തിയപ്പോൾ ബിജെപിക്കാർ മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കി. മേയർ അവരെയുംകൂട്ടി സമരക്കാർക്കിടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. മാറിനിൽക്കെടാ എന്നാക്രോശിച്ചുകൊണ്ട് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക്കിനെ ഇടിച്ചുതെറിപ്പിച്ചു. മറ്റ് ബിജെപി കൗൺസിലർമാർ ആർ പി ശിവജി, വഞ്ചിയൂർ ബാബു, കെ ശ്രീകുമാർ, രാഖി രവികുമാർ എന്നിവരെ ആക്രമിച്ചു. തറയിൽവീണ എൽഡിഎഫിന്റെ വനിതാ കൗൺസിലർമാരെയുൾപ്പെടെ മേയറും സംഘവും ചവിട്ടിമെതിച്ചു.
കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലയടിച്ച് പൊട്ടിച്ചപ്പോൾ ചിതറിയ ചോര ഡെപ്യൂട്ടി മേയറുടെ ഓഫീസിന്റെ ചുവരിലേക്കാണ് തെറിച്ചത്. എസ് എസ് സിന്ധു, ആർ വീണാകുമാരി എന്നിവരുടെ കാലൊടിഞ്ഞത് ചവിട്ടേറ്റാണ്.
മേയറും ഡെപ്യൂട്ടി മേയറും അന്പതോളം ആൾക്കാരും ഇരച്ചെത്തുന്പോൾ ഇരുപതോളം എൽഡിഎഫ് കൗൺസിലർമാർ മാത്രമേ ഉപരോധത്തിനുണ്ടായിരുന്നുള്ളൂ. തറയിലേക്ക് തെറിച്ചുവീണ വനിതാ കൗൺസിലർമാർ ‘ചവിട്ടല്ലേ’ എന്ന് ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. മേയറുടെ ചേംബറിലേക്ക് കടക്കാൻ രണ്ട് വാതിലുകളുണ്ടെന്നിരിക്കെ, സമരക്കാർ ഉപരോധിച്ച വാതിലിലൂടെതന്നെ അകത്തുകടക്കണം എന്ന് മേയറും സംഘവും പദ്ധതിയിട്ടിരുന്നു.









0 comments