വാഹനാപകടം
3 ദിവസത്തിനിടെ പൊലിഞ്ഞത് 5 ജീവൻ

സ്വന്തം ലേഖിക
Published on Jun 26, 2026, 01:38 AM | 1 min read
കൊല്ലം
മൂന്നു ദിവസത്തിനിടെ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇതിൽ നാലുപേരുടെയും മരണത്തിന് ഇടയാക്കിയത് ടിപ്പർ ലോറികൾ. വ്യാഴാഴ്ച ഉച്ചയ്‌ക്ക് തൊടിയൂർ മാരാരിത്തോട്ടത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചാണ് ഗൃഹനാഥന്‍ മരിച്ചത്. അപകടമരണം തുടർക്കഥയായിട്ടും ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തിയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാരും അധികൃതരും. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിനു പിന്നാലെ ബുധനാഴ്ച പത്തനാപുരത്ത് മറ്റൊരു ടിപ്പറാണ് യുവാവിന്റെ ജീവനെടുത്തത്. മെതുകുമേൽ വിനീത് ഭവനിൽ സുധയുടെ മകൻ വിനീതാണ് (30–കണ്ണൻ)മരിച്ചത്. ഇരട്ടിയിലധികം ലോഡുമായി ജില്ലയിൽ തലങ്ങും വിലങ്ങും മരണപ്പാച്ചിൽ നടത്തുന്ന ടിപ്പറുകൾക്ക് കടിഞ്ഞാണിടാൻ പൊലീസിനോ, മോട്ടോർ വാഹനവകുപ്പ് അധികൃതർക്കോ കഴിയുന്നില്ല. പുലർച്ചെ നാലുമുതലാണ് ഇവയുടെ ഓട്ടപ്പാച്ചിൽ. പൊലീസിനെ വെട്ടിച്ച് ഇടറോഡിലടക്കം ചീറിപ്പായുന്ന ഇവ കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർക്ക് വൻ ഭീഷണിയാണ്. പാറമട, ക്രഷർ യൂണിറ്റുകൾ എന്നിവിടങ്ങളിൽനിന്ന് അമിത ഭാരം കയറ്റി അതി വേഗതയിലാണ് ഇവ പായുന്നത്. ഇക്കാരണത്താൽ ബ്രേക്ക് ചെയ്‌താൽപാലും യഥാസ്ഥാനത്ത് നിൽക്കാനുള്ള സാധ്യത വളരെ കുറവാണ്. മിക്കതും മറ്റു വാഹനങ്ങളിൽ ഇടിച്ചുകയറും. സുരക്ഷിതമല്ലാത്ത വിധം പാറയും മെറ്റലും മണലും കൊണ്ടുപോകുന്നതടക്കമുള്ള ഗതാഗത നിയമ ലംഘനമാണ് ഇവർ നടത്തുന്നത്. വളവുകൾ തിരിയുന്പോൾ മെറ്റലും മണലും പിന്നാലെ വരുന്ന വാഹനയാത്രക്കാരുടെ മേൽ പതിക്കുന്നതും പതിവാണ്. വിദ്യാർഥികൾ സഞ്ചരിക്കുന്ന രാവിലെയും വൈകിട്ടും ടിപ്പറുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവും പാലിക്കുന്നില്ല. സീബ്രാക്രോസിങ്ങിൽ പോലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാണ്. ചിന്നക്കട റൗണ്ടിൽ റോഡ് മുറിച്ചുകടക്കാന്‍ വിദ്യാർഥികളും വയോധികരും അടക്കമുള്ള യാത്രക്കാരെ സഹായിക്കാൻ പൊലിസിനെ ഏർപ്പെടുത്താൻ പോലും അധികൃതർക്ക് കഴിയുന്നില്ല. ചിന്നക്കട ബസ്‌ബേയിൽ നിർത്താതെ കെഎസ്‌ആർടിസി ബസ് റോഡിന് മധ്യഭാഗത്ത് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കാനും നടപടിയില്ല.









0 comments