പുലികളിക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം
സുരേഷ്‌ഗോപി ഒന്നും ചെയ്‌തിട്ടില്ലെന്ന് രേഖ

പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ കഴിഞ്ഞ ദിവസം പുലി മുഖംമൂടി ധരിച്ച് കൗൺസിൽ യോഗത്തിൽ പങ്കെടുത്തപ്പോൾ
കെ എ നിധിൻ നാഥ് [email protected]
Published on Jun 26, 2026, 12:58 AM | 2 min read
തൃശൂർ
പുലികളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ഫണ്ട് അനുവദിച്ചതിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് രേഖകൾ. ജില്ലാ ടൂറിസം ഡവലപ്‌മെന്റ് കൗൺസിൽ (ഡിടിപിസി) നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പണം അനുവദിച്ചത്. 2025 ജൂലൈ 29ന് ഡിടിപിസി ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ടൂറിസം വകുപ്പിനു നൽകി. ഇൗ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അപേക്ഷ നൽകുകയാണ് ചെയ്‌തത്. ഇതിൽ തൃശൂർ എംപി എന്ന നിലയിലോ കേന്ദ്ര സഹമന്ത്രി എന്ന നിലയിലോ ഒരു ഇടപെടലും സുരേഷ് ഗോപി നടത്തിയിട്ടില്ല. പുലികളി നടത്തിപ്പിനായി 40 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നാണ് ഡിടിപിസി ആവശ്യപ്പെട്ടത്. എന്നാൽ എട്ട് ലക്ഷം രൂപ മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ടൂറിസം മന്ത്രാലയത്തിന്റെ ഡൊമസ്റ്റിക് പ്രൊമോഷൻ ആൻഡ് പബ്ലിസിറ്റി ഇൻക്ലൂഡിങ് ഹോസ്പിറ്റാലിറ്റി (ഡിപിപിഎച്ച്) പദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. ‘ഇൻക്രഡിബിൾ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌പോൺസർഷിപ്പായാണ് പണം അനുവദിച്ചത്. ഫണ്ട് അനുവദിച്ചുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയം അസി. ഡയറക്ടർ അനൂപ് ബിശ്വാസ് സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജുവിനാണ് കത്ത് നൽകിയത്. ഇതിന്റെ കോപ്പി അന്ന് സംസ്ഥാന ടൂറിസം ഡയറക്ടറായിരുന്ന നിലവിലെ തൃശൂർ കലക്ടർ ശിഖ സുരേന്ദ്രനും ലഭിച്ചിട്ടുണ്ട്. ഇൗ കത്ത് നൽകിയതിനു പിന്നാലെയാണ് സുരേഷ് ഗോപി ധനസഹായത്തിന്റെ പിതൃത്വം ഏറ്റെടുത്തത്. അതേസമയം പുലികളിയുടെ തലേദിവസം സെപ്‌തംബർ ഏഴിനാണ് കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നൽകിയത് എന്നതിനാൽ അത് പാലിക്കാൻ പുലികളി സംഘങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇതുപരിഹരിച്ച് പണം ലഭ്യമാക്കാൻ ഒരു ഇടപെടലും നടത്താൻ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല. ഡിടിപിസി സംസ്ഥാന ടൂറിസം വകുപ്പ് മുഖേന ഫണ്ട് ലഭിക്കാൻ വീണ്ടും കത്ത് നൽകിയിട്ടുണ്ട്. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൾ ഫൗണ്ടേഷന്റെ ധനസഹായം താൻ ഇടപെട്ടാണ് ലഭ്യമാക്കിയതെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നു. എന്നാൽ ഡിടിപിസിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഇൗ തുകയാണ് ഒരാഴ്‌ച കഴിഞ്ഞ് താൻ ഇടപെട്ട് ലഭ്യമാക്കിയതെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടത്.










0 comments