ad
Deshabhimani

ഒരു വർഷം 243 നാട്ടാനകളെ ചികിത്സിച്ച്‌ റെക്കോഡ്‌

ആനച്ചികിത്സയിൽ 
ഡോ. ഗിരിദാസിന്‌ തലപ്പൊക്കം

...
avatar
സി എ പ്രേമചന്ദ്രൻ

Published on Jun 28, 2026, 12:24 AM | 1 min read

തൃശൂർ

ആന ചികിത്സാ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ സജീവമായ ഡോ. പി ബി ഗിരിദാസിന്‌ റെക്കോഡ്‌ നേട്ടം. രാജ്യത്ത്‌ ഒരു വർഷത്തിനുള്ളിൽ 243 നാട്ടാനകളെ ചികിത്സിച്ചാണ്‌ അപൂർവനേട്ടം കുറിച്ചത്‌. നിലവിൽ ഒരു വർഷം 200 ആനകളെ ചികിത്സിച്ചതാണ്‌ റെക്കോർഡ്‌. ആനകൾക്ക് വേണ്ടി ജീവിതം മാറ്റിയ വെറ്റിനറി സർജനാണ്‌ അദ്ദേഹം. 22 വർഷമായി ഗുരുവായൂർ ആനക്കോട്ടയിലെ വിദഗ്‌ധസമിതി അംഗവും കൊച്ചിൻ ദേവസ്വം ബോർഡ്‌ ആനകളുടെ ഡോക്ടറുമാണ്‌. പാറമേക്കാവ്‌, തിരുവന്പാടി ദേവസ്വം ആനകളുടെയും ചികിത്സകനാണ്‌. തമിഴ്‌നാട്‌, ആന്ധ്ര, അഹമ്മദാബാദ്‌, ഡൽഹി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആനകളെയും ചികിത്സിക്കാറുണ്ട്‌. ആന ഗവേഷണത്തിനും പഠനത്തിനുമായി ശ്രീലങ്ക, തായ്‌ലന്റ്‌, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരം സന്ദർശകനാണ്‌ അദ്ദേഹം. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന്‌ 1989ലാണ്‌ പി ബി ഗിരിദാസ്‌ ബിരുദമെടുത്തത്‌. 20 വർഷത്തിന്‌ ശേഷം ആന അനാട്ടമിയിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കി. പിജിക്ക്‌ ആന അനാട്ടമി എല്ലാവർഷവും പഠന വിഷയമാക്കാറില്ല. ആനയെക്കുറിച്ച്‌ തന്നെ വിദഗ്‌ധമായി പഠിക്കണമെന്ന ആഗ്രഹത്തിൽ ഇ‍ൗ വിഷയം വരുന്ന വർഷത്തിൽ തന്നെ പിജിക്ക്‌ വീണ്ടും ചേരുകയായിരുന്നുവെന്ന്‌ ഡോ. പി ബി ഗിരിദാസ്‌ പറഞ്ഞു. തൃശൂരിലെ ആന ചികിത്സാ കേന്ദ്രത്തിന്റെ മേധാവിയാണ്‌. മനുഷ്യ– വന്യജീവി സംഘർഷം കുറയ്‌ക്കാൻ കാട്ടാനകൾ നിൽക്കുന്ന സ്ഥലം കണ്ടെത്താൻ അദ്ദേഹം ഡ്രോൺ വികസിപ്പിച്ചിട്ടുണ്ട്‌. നിലവിൽ കേന്ദ്ര നാട്ടാന പരിപാലന സംരക്ഷണ സമിതി അംഗമാണ്‌. സംസ്ഥാന മൃഗസംരക്ഷണ ബോർഡ്‌ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. തൃശൂർ അയ്യന്തോൾ പാണ്ടാരിക്കൽ വീട്ടിലാണ്‌ താമസം. രേഖകളുടെ പരിശോധന പൂർത്തിയായാൽ ‘ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ നാട്ടാനകളെ ചികിത്സിച്ച വെറ്ററിനറി ഡോക്ടർ’ എന്ന നിലയിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം ഇടംപിടിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home