പകർച്ചവ്യാധിപ്പിടിയിൽ ജില്ല

തൃശൂർ
ജില്ലയിൽ പകർച്ചവ്യാധികളും രോഗങ്ങളും പടരുന്നു. പനി ബാധിച്ച് പ്രതിദിനം ചികിത്സ തേടുന്നവരുടെ എണ്ണം 1000 കടന്നു. മഴ കുറഞ്ഞിട്ടും അനുദിനം രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ജില്ല പനിപ്പേടിയിൽ അമരുമ്പോഴും നേരിടാൻ കാര്യക്ഷമമായ സംവിധാനം ഒരുക്കാൻ ഇതുവരെയും ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല. മഴക്കാല മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ച രോഗവ്യാപനത്തിന്റെ വ്യാപ്‌തി കൂട്ടി. ഡെങ്കിപ്പനിയടക്കമുള്ളവ പടരാൻ ഇത് വഴിയൊരുക്കി. കോർപറേഷനിലാണ് രോഗ ബാധിതരിൽ പകുതിയിലധികവും. കോർപറേഷൻ ഏപ്രിലിൽ ആരംഭിക്കുന്ന മഴക്കാലപൂർവ ശുചീകരണം അടക്കമുള്ള മുന്നൊരുക്ക നടപടികൾ കോൺഗ്രസ് ഭരണസമിതി അട്ടിമറിച്ചതാണ് നഗരത്തെ രോഗത്തിന്റെ ഉറവിടമാക്കിയത്. സാധാരണ പനിക്ക് പുറമേ വിവിധ പകർച്ചവ്യാധികളാണ് ജില്ലയിൽ പടരുന്നത്. ഷിഗല്ല, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, വെസ്റ്റ് നൈൽ പനി തുടങ്ങിയവയെല്ലാം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് കൊടകരയിൽ ഒരാൾക്കും എലിപ്പനി മൂലം അഴീക്കോട് ഒരാൾക്കും ജീവൻ നഷ്ടമായി. ജൂണിൽ 15 ദിവസത്തിനിടയിൽ 13,631 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതിൽ 75 പേർക്ക് വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 31 പേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചു. 14 പേർ എലിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ ആറുപേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. 292 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 99 പേർക്കും രോഗം സ്ഥിരീകരിച്ചു. ദേശമംഗലത്ത് ഒരാൾക്ക് വെസ്റ്റ് നൈൽ പനിയും ബാധിച്ചു. ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരിൽ 50 പേരും കോർപറേഷൻ പരിധിയിലുള്ളവരാണ്. കോർപറേഷന്റെ സമീപ പഞ്ചായത്തുകളിലും രോഗബാധയുണ്ട്. ജില്ലയിൽ 34 തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.










0 comments