മലമുഴക്കി വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ ഭദ്രം
ചിറകടിച്ച് ഉയരുന്നു പക്ഷിക്കൂട്ടം

ഷോളയാര്‍ വനമേഖലയില്‍ കണ്ടെത്തിയ മലമുഴക്കി വേഴാമ്പല്‍
കെ ജെ ലിജോ
Published on Feb 18, 2026, 12:11 AM | 1 min read
ചാലക്കുടി
വാഴച്ചാല്‍ വനം ഡിവിഷനില്‍ നടത്തിയ ശാസ്ത്രീയ പക്ഷി സര്‍വേയില്‍ 198 ഇനം പക്ഷികളെ കണ്ടെത്തി. അപൂര്‍വ ഇനങ്ങളായ പതുങ്ങന്‍ ചിലപ്പന്‍, മാക്കാച്ചിക്കാട, കാട്ടുവാലുകുലുക്കി എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. മലമുഴക്കി വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ ഭദ്രമാണെന്നും കണ്ടെത്തി. ഇതോടെ വാഴച്ചാല്‍ ഡിവിഷനില്‍ ഇതുവരെ രേഖപ്പെടുത്തിയ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 225 ആയി ഉയര്‍ന്നു. വനംവകുപ്പും പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷനും സംയുക്തമായി 13മുതല്‍ 15വരെ നടത്തിയ സര്‍വേയിലാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്. വാഴച്ചാല്‍ ഡിഎഫ്ഒ ഐ എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചാര്‍പ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖിലിന്റെ നേതൃത്വത്തില്‍ ചാര്‍പ്പ റേഞ്ചാണ് സര്‍വേ ഏകോപിപ്പിച്ചത്. ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. കെ എച്ച് അമിതാബച്ചന്‍ നേതൃത്വം നൽകി. അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍, കൊല്ലതിരുമേട്, ഷോളയാര്‍ എന്നീ റേഞ്ചുകളില്‍നിന്നുള്ള 45 വനംവകുപ്പ് ഉദ്യോഗസ്ഥരും 30 പക്ഷി നിരീക്ഷകരും വിദഗ്‌ധരും അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. നിത്യഹരിത വനങ്ങള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും കാടുകള്‍, പ്ലാന്റേഷനുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന 23 ഇനങ്ങളേയും പശ്ചിമഘട്ട തദേശിയ ഇനങ്ങളായ15പക്ഷി വര്‍ഗങ്ങളേയും കണ്ടെത്തി. 23 ട്രാന്‍സെക്റ്റുകളില്‍നിന്ന് 33ൽ അധികം മലമുഴക്കി വേഴാമ്പലുകളെ നിരീക്ഷിച്ചു. മലമുഴക്കി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, കോഴി വേഴാമ്പല്‍ എന്നിവയുടെ സജീവമായ കൂടുകളും സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.










0 comments