കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസത്തിന് തുടക്കം

ഗുരുവായൂരില്‍ കൃഷ്ണനാട്ടം കളിയുടെ കച്ചകെട്ട് അഭ്യാസത്തിന് തുടക്കമായപ്പോള്‍
ഗുരുവായൂർ
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തനത് കലാരൂപമായ കൃഷ്ണനാട്ടം കളിയുടെ കച്ചകെട്ട് അഭ്യാസത്തിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ രാവിലെ മാത്രമാണ് പ്രാഥമിക അഭ്യാസം. പുലർച്ചെ മൂന്ന് മുതൽ കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചിൽ, കൃഷ്ണനാട്ടം രംഗങ്ങളുടെ വായ്ത്താരി ചൊല്ലിയുള്ള പരിശീലനം, ചൊല്ലിയാട്ടം തുടങ്ങിയവ 16ന് മുതൽ ആരംഭിക്കും. കണ്ണ് സാധകം, കാൽസാധകം, തീവട്ടം കുടയൽ, ചില്വാനം കാൽസാധകം, പതിഞ്ഞ ഇരട്ടിവട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ചവിട്ടിഉഴിച്ചിലും അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം, എന്നീ നാല് കഥകളുടെ പൂർണ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും ഉണ്ടാകും. വൈകിട്ട് ആറുമുതൽ നാമം ചൊല്ലൽ, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവ പരിശീലിപ്പിക്കും. രാത്രി എട്ടുവരെ പരിശീലനം തുടരും. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം വിഭാഗങ്ങളിലുള്ള കലാകാരന്മാർക്ക് പുലർച്ചെ പാഠ ക്കൈകൾ സാധകവും രാവിലെയും ഉച്ചയ്ക്കും അഭ്യാസത്തിനും ചൊല്ലിയാട്ടത്തിനും പ്രത്യേകം പരിശീലനവും നൽകും. പാട്ട് വിഭാഗത്തിലുള്ളവർക്ക് പുലർച്ചെ കർണാടക സംഗീത സാധകവും രാവിലെ കൃഷ്ണനാട്ട സംഗീത സാഹിത്യ പഠനവും ചൊല്ലിയാട്ടത്തിന് കൂടി ചേർന്നുള്ള പഠനവും നടക്കും. ചുട്ടി വിഭാഗത്തിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രത്യേക പരിശീലനവും കോപ്പു പണികളും നടക്കും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം. കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, വേഷം വിഭാഗം ആശാന്മാരായ എസ് മാധവൻകുട്ടി, എ മുരളീധരൻ, എം വി ഉണ്ണികൃഷ്ണൻ, പി അരവിന്ദാക്ഷൻ, പാട്ടു വിഭാഗം ആശാന്മാരായ എം കെ ദിൽകുഷ് നെടുങ്ങാടി, സി പി സത്യനാരായണൻ എളയത്, ശുദ്ധമദ്ദlxളം ആശാൻ പി രാധാകൃഷ്ണൻ, ചുട്ടി വിഭാഗം ആശാൻ പി ആർ ശിവകുമാർ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ജൂലൈ, ആഗസ്‌ത് മാസത്തില്‍ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്തംബർ രണ്ടിന് അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളികൾ പുനരാരംഭിക്കും.











0 comments