സപ്ലൈകോ ശേഖരിച്ച നെല്ലിന്റെ തുക ലഭിച്ചില്ല
കോൾ കർഷകർ വലയുന്നു

അന്തിക്കാട്
ഒന്നരമാസം മുമ്പ് സപ്ലൈകോ ശേഖരിച്ച നെല്ലിന്റെ തുക കിട്ടാതെ ആയിരത്തോളം കോൾ കർഷകർ വലയുന്നു. അന്തിക്കാട് കോൾപ്പാടശേഖരത്തിൽനിന്ന് 24,36,860 കിലോ നെല്ല് ശേഖരിച്ച് കൊണ്ടുപോയിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും പൈസ അന്വേഷിച്ച് എത്തുന്നവർക്ക് എന്ന് കിട്ടുമെന്ന് പറയാൻപോലും അധികൃതർക്ക് കഴിയുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ എന്നീ ബാങ്കുകളുമായാണ് സർക്കാർ കരാറുണ്ടാക്കിയിരിക്കുന്നത്. അന്തിക്കാട് കോൾപ്പാടശേഖരത്തിൽനിന്നുള്ള കർഷകരുടെ ഏഴരക്കോടിയോളം രൂപ നൽകാതെ സപ്ലൈകോയും ബാങ്കുകളും ചേർന്ന് കബളിപ്പിക്കുകയാണെന്ന് അന്തിക്കാട് കോൾപ്പടവ് പാടശേഖര സമിതി പ്രസിഡന്റ് ടി ജെ സെബി, സെക്രട്ടറി വി ശരത് എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം പി ആർ എസുമായി കനറാ ബാങ്കിന്റെ പെരിങ്ങോട്ടുകര ബ്രാഞ്ചിലെത്തിയ കർഷകർക്ക് ദുരനുഭവമുണ്ടായി. ബാങ്കിൽനിന്ന് ലഭിച്ച ടോക്കണുമായി നിശ്ചിത ദിവസം വീണ്ടും ബാങ്കിലെത്തിയപ്പോൾ സർക്കാർ അനുവദിച്ച ഫണ്ട് കഴിഞ്ഞുവെന്നായിരുന്നു മറുപടി.










0 comments