print edition സർവകലാശാലാ കാവിവൽക്കരണം; എൽഡിഎഫ് സർക്കാർ നേരിട്ടെതിർത്തു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ മോദിസർക്കാരിന്റെ കാവിവൽക്കരണ അജൻഡയെ രാഷ്‌ട്രീയമായും നിയമപരമായും എതിർക്കുന്നതിൽ എൽഡിഎഫ് സർക്കാർ തുടർച്ചയായി സ്വീകരിച്ചിരുന്നത് ശക്തമായ നിലപാട്. ചാൻസലറായ ഗവർണറെ മുൻനിർത്തി സർവകലാശാലകളിൽ കടന്നുകയറാനുള്ള സംഘപരിവാർ ശ്രമങ്ങൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പോർമുഖം തുറക്കുകയാണ് അന്ന് ചെയ്‌തത്. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യപ്രതികരണങ്ങളിലൂടെ കൃത്യമായി നിലപാട് അടയാളപ്പെടുത്തി.
2025 ജൂലൈയിൽ കൊച്ചിയിൽ സംഘപരിവാർ സംഘടിപ്പിച്ച ജ്ഞാനസഭയിൽ വിസിമാർ പങ്കെടുത്തതിനെതിരെ കടുത്ത പ്രതികരണങ്ങളാണ് എൽഡിഎ-ഫ് സർക്കാരിൽ നിന്നുണ്ടായത്. ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ തകർത്ത് പ്രാകൃതപദ്ധതികളും മനുവാദത്തിൽ ഊന്നിയ മതരാഷ്ട്രനിർമിതിയുമാണ് ആർഎസ്എസ് ആസൂത്രണം ചെയ്യുന്നതെന്ന് അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു തുറന്നടിച്ചു. ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലെത്തി രഹസ്യ അജൻഡയ്ക്കൊപ്പം നിന്ന വിസിമാർ അക്കാദമിക് സമൂഹത്തിനുമുമ്പിൽ തലകുമ്പിട്ട് നിൽക്കേണ്ടിവരുമെന്നും ബിന്ദു പറഞ്ഞു. ഗവർണറുടെ വഴിവിട്ട നീക്കങ്ങളെ ചോദ്യംചെയ്‌ത് പലഘട്ടങ്ങളിലും കോടതികളെ സമീപിക്കാനും എൽഡിഎഫ് സർക്കാർ തയ്യാറായി.
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലാ വിസിമാർ പങ്കെടുത്തതിൽ ദുർബലപ്രതികരണം മാത്രമാണ് യുഡിഎഫ് സർക്കാരിൽ നിന്നുണ്ടായത്. സമൂഹമാധ്യമ പോസ്റ്റിൽ പ്രതികരണം ഒതുങ്ങി. ഗവർണറോട് ഗുസ്‌തിപിടിക്കാനില്ലെന്ന നിലപാട് ആദ്യം തന്നെ പ്രഖ്യാപിച്ച് സംഘപരിവാർ നയിക്കുന്ന മോദിസർക്കാരിനെ പിണക്കാനില്ലെന്ന സന്ദേശം നൽകിയതിന്റെ തുടർച്ചയാണ് ഇൗ പ്രതികരണം.
പ്രതിപക്ഷത്ത് ഇരുന്നപ്പോൾ യുഡിഎഫ് സ്വീകരിച്ച നിലപാടിന് സമാനമാണിത്. വിസി നിയമനത്തിലടക്കം ചാൻസലർ പദവി ദുരുപയോഗിക്കുന്നത് തടയാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സർവകലാശാലാ നിയമഭേദഗതി ബില്ലിനെ യുഡിഎഫ് നിയമസഭയിൽ എതിർത്തു. യുഡിഎഫ് അധികാരത്തിലേറിയതിനുപിന്നാലെ, ഗവർണർ എംജിയിൽ സംഘപരിവാർ അധ്യാപകനെ വിസിയാക്കി, സെനറ്റിലേക്ക് 19 പേരെ നാമനിർദേശം ചെയ്തിട്ടും ശക്തമായി പ്രതിരോധിച്ചില്ല.










0 comments