പി രാജീവിന്റെ 18–-ാമത് സ്നേഹവീട് കൈമാറി

ഏലൂർ കിഴക്കുംഭാഗം തറമാലി മനയ്ക്കപ്പറമ്പിൽ ഫാത്തിമയ്ക്കും കുടുംബത്തിനുമായി നിർമിച്ച സ്നേഹവീട് കൈമാറുന്ന ചടങ്ങ് പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
പി രാജീവ് കളമശേരി മണ്ഡലത്തിൽ നടപ്പാക്കിയ സ്നേഹവീട് പദ്ധതിയിൽ 18-–ാമത് വീടിന്റെ താക്കോൽ കൈമാറി. ഏലൂർ കിഴക്കുംഭാഗം തറമാലി മനയ്ക്കപ്പറമ്പിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ഫാത്തിമയ്ക്കും കുടുംബത്തിനുമായി നിർമിച്ച വീടാണ് കൈമാറിയത്.
തെരഞ്ഞെടുപ്പ് ജയവും പരാജയവും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മനുഷ്യരുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും അതിനപ്പുറത്താണെന്നും പി രാജീവ് പറഞ്ഞു. അതുകൊണ്ടുതന്നെ സ്നേഹവീട് പദ്ധതി ഒരു സാഹചര്യത്തിലും നിലച്ചില്ല. ഇനി നിലയ്ക്കുകയുമില്ല. വീടില്ലാത്തവരുടെ കണ്ണീരിനും പ്രതീക്ഷകൾക്കും ഒപ്പമുണ്ടാകുമെന്ന വാക്ക് പാലിച്ചുകൊണ്ട് ഈ യാത്ര തുടരുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.
പി രാജീവ് മന്ത്രിയായിരിക്കെ വിധവകളുൾപ്പെടെ നിർധന കുടുംബത്തിനായി മണ്ഡലത്തിൽ നടപ്പാക്കിയ സൗജന്യ ഭവനപദ്ധതിയാണ് ‘സ്നേഹവീട്’. 20 വീടുകളായിരുന്നു ലക്ഷ്യമെങ്കിലും 24 വീടുകളുടെ നിർമാണം ഇതിനകം ആരംഭിച്ചു. 18 വീടുകൾ പൂർത്തിയായി. ആറെണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എട്ടുലക്ഷം രൂപവീതം ചെലവഴിച്ച് 500 ചതുരശ്രയടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്.
ചടങ്ങിൽ ഏലൂർ നഗരസഭാധ്യക്ഷ ലൈജി സജീവൻ, എ ഡി സുജിൽ, കെ ബി സുലൈമാൻ, ലീല ബാബു, നിസി സാബു, ജയശ്രീ സതീഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments