ad
Deshabhimani

print edition യുഡിഎഫ്‌ സർക്കാരിന്റെ പ്രതികാര നടപടി; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

citu
വെബ് ഡെസ്ക്

Published on Jun 16, 2026, 01:48 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തൊഴിലാളികൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തു. സമരപ്രഖ്യാപന കൺവൻഷൻ ചൊവ്വാഴ്‌ച രാവിലെ 10ന്‌ തിരുവനന്തപുരം ബിടിആർ ഹാളിൽനടക്കും. മുൻ തൊഴിൽ മന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.


സർക്കാർ പദ്ധതികളിലും ബോർഡുകളിലും വർഷങ്ങളായി ജോലിചെയ്യുന്ന കരാർ-–‌താൽക്കാലിക ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടാനും അർഹമായ ശമ്പളം നിഷേധിക്കാനുമാണ്‌ ശ്രമം. കുടുംബശ്രീ, ഭാരതീയ ആയുർവേദ ചികിത്സാ മിഷൻ, എൻഎച്ച്എം പദ്ധതികളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ കരാർ കാലാവധി പുതുക്കി നൽകിയിട്ടില്ല. സപ്ലൈകോ, നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ നിരവധി തൊഴിലാളികളെ ഇതിനകം പിരിച്ചുവിട്ടു.


മുഖ്യമന്ത്രിക്കും തൊഴിൽമന്ത്രിക്കും നിവേദനം നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരപരിപാടികളിലേക്ക് നീങ്ങുന്നത്. രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന ജനവിരുദ്ധ-–തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരപരിപാടികളുമായി സിഐടിയു മുന്നോട്ടുപോകും. സമരപ്രഖ്യാപന കൺവെൻഷൻ വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home