ad
Deshabhimani

print edition അത്ര സുതാര്യത വേണ്ടെന്ന്; അധ്യാപക സ്ഥലംമാറ്റവും അട്ടിമറിച്ചു

teacher transfer order
avatar
ബിജോ ടോമി

Published on Jun 16, 2026, 01:46 AM | 1 min read

തിരുവനന്തപുരം: ‌ഓൺലൈനിൽ സുതാര്യമായി നടന്നിരുന്ന അധ്യാപക സ്ഥലംമാറ്റം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്‌ ഹൈസ്‌കൂൾ പ്രധാനാധ്യാപകരെ സ്ഥലംമാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി. പണംവാങ്ങി താൽപ്പര്യമുള്ള ഇടങ്ങളിലേക്ക്‌ സ്ഥലംമാറ്റം ലഭ്യമാക്കിയെന്നാണ്‌ ആക്ഷേപം. ‘ഭരണപരമായ സ‍ൗകര്യാർഥം സ്ഥലംമാറ്റുന്നു’ എന്നാണ്‌ ഉത്തരവിലുള്ളത്‌.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലമാറ്റം ഓൺലൈനായി, മാനദണ്ഡങ്ങൾ അനുസരിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും അവധിക്കാലത്തുതന്നെ പൂർത്തിയാക്കി സ്‌കൂൾ തുറക്കുകയായിരുന്നു പതിവ്‌. ജനുവരി, ഫെബ്രുവരിയിൽ ഓൺലൈൻ സ്ഥലംമാറ്റത്തിന്‌ അപേക്ഷ ക്ഷണിക്കുകയും സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.


അതിനുശേഷം വരുന്ന ഒഴിവുകളിലേക്ക്‌ വീണ്ടും ഓൺലൈനായി അപേക്ഷ ക്ഷണിക്കും. തുടർന്ന്‌ സ്ഥാനക്കയറ്റ നടപടികളും പൂർത്തിയാക്കും.

ഇത്തവണ ഹൈസ്‌കൂൾ, എഇഒ സ്ഥലംമാറ്റത്തിന്‌ ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിക്കുകയും ഉത്തരവിറങ്ങുകയും ചെയ്‌തു. തുടർന്നുണ്ടായ ഒഴിവുകൾ നികത്താൻ അപേക്ഷ ക്ഷണിച്ചിരുന്നില്ല. സെൻസസിന്റെ പേരിൽ 2026 – 27 അധ്യയന വർഷത്തെ ജില്ലാതല അധ്യാപക സ്ഥലംമാറ്റവും വിദ്യാഭ്യാസ വകുപ്പ്‌ വിലക്കിയിരുന്നു.


ഓരോ ജില്ലയിലും ആയിരത്തിലധികം അധ്യാപകരുടെ സ്ഥലംമാറ്റം ഇപ്പോഴും അനിശ്‌ചിതത്വത്തിലാണ്‌. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാ സ്ഥലംമാറ്റത്തിനുള്ള താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ്‌ ഇത്‌ സർക്കാർ മരവിപ്പിച്ചത്‌. ഇ‍ൗ നടപടിയും അഴിമതിക്ക്‌ വഴിയൊരുക്കാനാണെന്ന്‌ അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. സ്ഥാനക്കയറ്റങ്ങളും നടന്നിരുന്നില്ല. ഇതോടെ സർക്കാർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിൽ ആയിരത്തോളം പ്രധാനാധ്യാപക തസ്‌തികകളാണ്‌ ഒഴിഞ്ഞു കിടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home