ad
Deshabhimani

കൃഷിയിടത്തിൽ കാട്ടാനകൾ കൈമലർത്തി വനപാലകർ പൊറുതിമുട്ടി കർഷകർ

പാറക്കടവിലെ കർഷകന്റെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ
വെബ് ഡെസ്ക്

Published on Jun 16, 2026, 03:00 AM | 1 min read

രാജപുരം രൂക്ഷമായ കാട്ടാനശല്യംകാരണം എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്‌ മലയോര കർഷകർ. മിക്കദിവസങ്ങളിലും കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുകയാണ്‌. തെങ്ങും, കമുകും വാഴയും ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്‌. പരാതിപ്പെടുന്പോൾ ഒന്നും ചെയ്യാതെ കൈമലർത്തുകയാണ് കർഷകർ. വർഷങ്ങളുടെ അധ്വാനഫലം പൂർണമായും നശിപ്പിക്കുമ്പോൾ അധികൃതർ കണ്ണടക്കുന്നു. കഴിഞ്ഞ ദിവസം പാറക്കടവ് ഭാഗത്തുള്ള പ്രദേശവാസികളുടെ കൃഷിയിടത്തിലാണ് കാട്ടാന താണ്ഡവമാടിയത്. ഇവിടത്തെ നിരവധി കർഷകരുടെ കവുങ്ങ്, തെങ്ങ്, റബർ, വാഴ ഉൾപ്പടെയുള്ള കാർഷിക വിളകൾ പാടെ തകർത്തെറിഞ്ഞു. പാറക്കടവ് നിവാസികളായ എൽസമ്മ ജെയിംസ്, സിബി ജോസഫ്, സജി പരുത്തി, പള്ളിക്കുന്നേൽ രോഹിണി, പാറക്കടവ് സിബി ജോസഫ് തുടങ്ങി നിരവധി കർഷകരുടെ കൃഷിയാണ്‌ കാട്ടാന നശിപ്പിച്ചത്. കാട്ടാനക്കൂട്ടത്തെ തുരത്താൻ വനം പലവഴി ശ്രമിച്ചിട്ടും നടക്കുന്നില്ല. നാട്ടുകാർ പടക്കം പൊട്ടിച്ചും, ചെണ്ടകൊട്ടിയും, തീകൂട്ടിയും ആനയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും താൽക്കാലിക പരിഹാരം മാത്രമാണുള്ളത്‌. കാട്ടിലേക്ക്‌ കയറിയ ആനകൾ മണിക്കൂറുകൾക്കുശേഷം കൃഷിയിടങ്ങളിലെത്തുകയാണ്‌. ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന ആന മനുഷ്യർക്കും ഭീഷണിയായി തീർന്നിട്ടുണ്ട്. ആനയെ കർണാടക ഫോറസ്‌റ്റിലേക്കാണ്‌ സാധാരണയായി അവർ ഓടിക്കുന്നത്. ആറ്‌ ആനയടങ്ങുന്ന കൂട്ടമാണ്‌ ഇവിടെ ഉള്ളത്. നവരംഗ് എസ്റ്റേറ്റ് വർഷങ്ങളായി കാടുവെട്ടി തെളിക്കാത്തതിനാൽ അവിടെ വന്യമൃഗങ്ങളുടെ ശല്യം ഏറുകയാണ്‌. നിരവധി തവണ ഫോറസ്റ്റ് അധികൃതർ എസ്റ്റേറ്റ് ഉടമസ്ഥനോട് കാടുവെട്ടി തെളിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും പരിഹാരമില്ലെന്ന്‌ കർഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home