print edition "വനിതാസംവരണം എക്കാലവും അട്ടിമറിച്ചത് ബിജെപി'

തിരുവനന്തപുരം: വനിതാസംവരണം എല്ലാ കാലത്തും അട്ടിമറിച്ചത് ബിജെപിയാണെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ‘വനിതാ സംവരണ ഭേദഗതി ബിൽ: വസ്തുതയെന്ത്’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭൂരിഭാഗം മേഖലകളിലും സ്‌ത്രീകൾ മുന്നോട്ടുവന്നു. എന്നാൽ, രാഷ്‌ട്രീയത്തില്‍ അതുണ്ടായില്ല. 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 22 സ്‌ത്രീകൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 18 തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും 1.8 ശതമാനമാണ് വർധന. മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പാക്കാൻ 150 വർഷമെങ്കിലുമെടുക്കും.
വനിതാസംവരണം നടപ്പാക്കാത്തതിന് പ്രത്യയശാസ്‌ത്രപരമായ കാരണങ്ങളുണ്ട്. സ്‌ത്രീ അടുക്കളയിൽ കഴിയേണ്ടതാണെന്ന ധാരണയാണ് ബിജെപി – ആർഎസ്‌എസ് സംഘത്തിനുള്ളത്. 15 വർഷംമുമ്പ് മോഹൻ ഭാഗവത് പറഞ്ഞത് ‘സ്‌ത്രീകൾ പൊതുഇടങ്ങൾ കൈയേറിയാൽ കുടുംബം തകരുമെന്നായിരുന്നു’. സ്‌ത്രീകളുടെ ഗാർഹിക ജോലിയുടെ കണക്കെടുത്താൽ രാജ്യത്തിന്റെ ജിഡിപിയുടെ ആറ് ശതമാനം വരുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. 23 ലക്ഷം കോടി വരുമിത്.
തെരഞ്ഞെടുപ്പിൽ സാധാരണക്കാരുടെയും സ്‌ത്രീകളുടെയും പ്രാതിനിധ്യം കുറയാൻ കോർപറേറ്റ് ജനാധിപത്യവും കാരണമാണ്. സീറ്റുകൾ വിലയ്‌ക്ക് വാങ്ങുന്ന സ്ഥിതിയാണുള്ളത്. 1988ലെ ആദ്യ സ്‌ത്രീ സംവരണരേഖയിൽ നടന്ന ചർച്ചമുതൽ ബിജെപി സംവരണം അട്ടിമറിക്കാൻ ശ്രമിച്ചു. ചരിത്രം മറക്കാനാണ് ഇപ്പോഴത്തെ ശ്രമം. 2019ൽ മൃഗീയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വന്നിട്ടും ബിൽ പാസാക്കിയില്ല. മറ്റ് ജനദ്രോഹ ബില്ലുകൾ നടപ്പാക്കി.
ജനസംഖ്യ കണക്കെടുപ്പിനും മണ്ഡലപുനർനിർണയത്തിനും ശേഷം വനിതാസംവരണം നൽകാമെന്നാണ് പറയുന്നത്. ബിൽ അട്ടിമറിക്കാനുള്ള രാഷ്‌ട്രീയ നീക്കമാണിത്. മണ്ഡലപുനർനിർണയവുമായി വനിതാസംവരണം കൂട്ടിക്കുഴയ്ക്കാനുള്ള നീക്കം എടുത്തുമാറ്റണം. അല്ലാത്തപക്ഷം മഹിളാ അസോസിയേഷന്‍ പാർലമെന്റ് ധർണ നടത്തുമെന്നും അവർ പറഞ്ഞു. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ടി എൻ സീമ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ കെ ശൈലജ, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് എന്നിവർ സംസാരിച്ചു.










0 comments