പേര് സൗജന്യം; ടിക്കറ്റ് ചാർജ് 114

തൃശൂർ
കെഎസ്‌ആർടിസിയിൽ സൗജന്യയാത്രയെന്ന് പ്രതീക്ഷിച്ച് കയറിയ സ്‌ത്രീകളിൽനിന്ന് ടിക്കറ്റ് ചാർജ് ഇൗടാക്കി. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പ്രിയദർശിനി ബസിൽ യാത്ര ചെയ്ത സ്‌ത്രീകൾക്കാണ് ആദ്യദിനം ദുരനുഭവം. മൂന്ന് വിദ്യാർഥികളിൽനിന്ന് മാത്രം 114 രൂപ ഇൗടാക്കി. സൗജന്യയാത്രയുടെ ജില്ലാ ഉദ്‌ഘാടനമെന്ന പേരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മധുരം നൽകിയ ശേഷമായിരുന്നു യാത്രക്കാർക്ക് കൈപ്പേറിയ അനുഭവം. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ സിസ്‌റ്റം അപ്‌ഡേഷനായില്ലെന്നാണ് മറുപടി പറഞ്ഞത്. യാത്രയുടെ ഉദ്‌ഘാടനമെന്ന പേരിൽ ചെന്നിത്തല അടക്കം കോൺഗ്രസ് നേതാക്കൾ ബസിൽ യാത്ര ചെയ്‌ത് -േഫാട്ടോ ഷൂട്ട് നടത്തിയിരുന്നു. ഇതിനുശേഷം പുതുക്കാടെത്തിയപ്പോൾ വീണ്ടും ജനപ്രതിനിധികൾ കയറി. പൂവും മധുര പലഹാരങ്ങളും വിതരണം ചെയ്യാനെത്തിയ ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്ന് ചാലക്കുടി സ്വദേശികളായ അമ്മൂസ്, സ്‌നിയ, സാറ എന്നിവർ പറഞ്ഞു. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് രാവിലെ 9.30നാണ് ബസിൽ കയറിയത്. 9.34നാണ് ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റിൽ ഫീമെയിൽ എന്ന് രേഖപ്പെടുത്തിയെങ്കിലും മൂന്ന് പേർക്ക് 38 രൂപ പ്രകാരം 114 രൂപ ചാർജ് ഇൗടാക്കി. ‘അവർക്ക് ഫോട്ടോ എടുത്താൽ മാത്രം മതി. ഇൗ പൊസിഷനിൽ ഫോട്ടോ എടുക്കണം, വേറെ പൊസിഷനിൽ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് അവർ രംഗത്തെത്തി. ഞങ്ങൾ പറഞ്ഞ പ്രശ്‌നത്തിന് ഒരു മറുപടിയുമില്ല. തൃശൂരിൽ നിന്നാരംഭിച്ച് പുതുക്കാട് വരെ കയറിയവർക്ക് സൗജന്യം ലഭിച്ചില്ല. 10ന് ശേഷമാണ് സിസ്റ്റം ശരിയായത്’– വിദ്യാർഥിനികൾ പൊട്ടിത്തെറിച്ചു. ബസിൽ സ്‌ത്രീകൾക്ക് ടിക്കറ്റ് നൽകുന്പോൾ ഫ്രീ സർവീസ് ടിക്കറ്റ് ( എഫ്‌എസ്‌ടി) എന്ന് മെഷീനിൽ അടിക്കുന്പോൾ ചാർജ് പൂജ്യം രേഖപ്പെടുത്തി ടിക്കറ്റ് വരും. മൊത്തം ടിക്കറ്റ് ചാർജ് യന്ത്രത്തിൽ രേഖപ്പെടുത്തും. ഒരു ദിവസ സർവീസ് പൂർത്തിയാക്കി ഇൗ തുക സർക്കാരിലേക്ക് നൽകും. തുക സർക്കാർ കെഎസ്‌ആർടിസിക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ പരീക്ഷണങ്ങൾ നേരത്തേ നടത്തിയിരുന്നു. തിങ്കൾ രാവിലെ 9.30മുതൽ സൗജന്യയാത്രയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാവിലെ പത്തിന് ശേഷമാണ് സോ-ഫ്‌റ്റ്‌വെയർ പ്രവർത്തിച്ചത്.










0 comments