ad
Deshabhimani

ആട്ടക്കഥയിൽ പുതുചരിതം

ആർ പി മേനോൻ

ആർ പി മേനോൻ

avatar
പി വി ബിമൽകുമാർ

Published on Apr 19, 2026, 12:15 AM | 1 min read

കൊടുങ്ങല്ലൂർ

ജനകീയ ആട്ടക്കഥകളും വില്ലടിച്ചാൻ പാട്ടുമായി ജീവിത സായാഹ്നത്തിലും കലാരംഗത്ത് സജീവമായി പ്രൊഫ. ആർ പി മേനോൻ. 94–-ാം വയസ്സിലാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ആട്ടക്കഥകളിൽ പുതുവഴി വെട്ടുന്നത്. പുരാണ കഥകളിൽ നിന്ന് വ്യത്യസ്തമായി ജീവിച്ചിരുന്നവരെ കഥാപാത്രമാക്കി ആട്ടക്കഥകൾ രചിച്ച് അവതരിപ്പിക്കാൻ കരുത്തായത് ഇ എം എസാണെന്ന് ആർപി മേനോൻ പറയുന്നു. കഥകളിയെ ജനകീയ കലയാക്കിയെടുക്കണമെന്ന ഇ എം എസിന്റെ വാക്കുകളാണ് ആട്ടക്കഥയിൽ പരീക്ഷണങ്ങൾക്ക്‌ പ്രേരിപ്പിച്ചത്. ജനനായകൻ എന്ന പേരിലുള്ള ആട്ടക്കഥ ഇ എം എസിന്റെ ജീവിതവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രവുമാണ്‌ പറഞ്ഞത്‌. ആട്ടക്കഥയെ കൂടാതെ വില്ലടിച്ചാൻ പാട്ടിലും ഒരു കൈ നോക്കുകയാണ് ഇദ്ദേഹം. "തേൻ മൊഴികൾ' എന്ന പേരിൽ എഴുതിയ പാട്ടുകളാണ് വില്ലടിച്ചാൻ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. മാവേലിക്കര മാരിയമ്മൻ വിൽപ്പാട്ടു കലാസമിതി ഞായർ വൈകിട്ട് അഞ്ചിന് ശൃംഗപുരം കോവിലകം ഊട്ടുപുരയിൽ വിൽപ്പാട്ട് അവതരിപ്പിക്കും. കൂടാതെ, "വിലക്കപ്പെട്ട കനി'യെന്ന പേരിൽ ബൈബിൾ കഥയെ ആസ്പദമാക്കിയുള്ള ആട്ടകഥയും ഒരുങ്ങി കഴിഞ്ഞു. അത്‌ ഉടൻ രംഗത്തെത്തും. ലളിതമായ കഥകളി പദങ്ങളും ജനകീയ രാഗങ്ങളുടെ ഉപയോഗവുമാണ്‌ ആർ പി മേനോന്റെ ആട്ടക്കഥകളുടെ പ്രത്യേകത. ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന ഗുരുദേവചരിതം ആട്ടക്കഥയും രംഗത്ത് അവതരിപ്പിച്ചിരുന്നു. ശ്രീനാരായണ ദർശനങ്ങളുടെ പൊരുൾ ഗുരുദേവന്റെ ജനനവും ജീവിതവും പ്രമേയമാക്കിയായിരുന്നു കഥ. കലാനിലയത്തിലെ കലാകാരൻമാരാണ് ഇ‍ൗ ആട്ടക്കഥ അവതരിപ്പിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് കോളേജിലെ പ്രൊഫസറായിരുന്ന ആർ പി മേനോൻ സിപിഐ എം കൊടുങ്ങല്ലൂർ മുൻ ഏരിയ കമ്മിറ്റി അംഗവും മേത്തല പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പടാകുളത്താണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home