ആശങ്കകൾക്കിടെ വിബി ജി റാം ജി ഇന്നുമുതൽ
ജില്ലയിൽ തൊഴിലുറപ്പ് കുടിശ്ശിക 30 കോടിയിലേറെ

തൃശൂർ
ദേശീയ തൊഴിലുറപ്പുപദ്ധതി വിബി ജി റാം ജി പദ്ധതി ബുധനാഴ്‌ച നിലവിൽ വരുന്പോൾ ആശങ്കകൾ ഒഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ നിർമാണ സാമഗ്രിയുൾപ്പെടെയുള്ളവയുടെ ഇനത്തിൽ 30 കോടിയിലേറെ രൂപ കുടിശ്ശികയാക്കിയാണ് ജില്ലയിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നിർമാണ സാമഗ്രികളുടെ വില, വിദഗ്ധ തൊഴിലാളികളുടെ കൂലി എന്നീ ഇനങ്ങളിലാണ് 30 കോടി കുടിശ്ശിക. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി മെയ് ഒന്നുമുതൽ കുടിശ്ശികയാണ്. വിബി ജി റാം ജി യുടെ മാനദണ്ഡങ്ങളിലെ അവ്യക്തത ഏകദേശം നാലര ലക്ഷം തൊഴിലാളികളെയാണ് ആശങ്കയിലാക്കിയത്. 3.51 ലക്ഷം കുടുംബങ്ങളിലായി 4.31 ലക്ഷത്തോളം തൊഴിലാളികളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്. ഇവരിൽ 1.47 ലക്ഷം സജീവ കുടുംബങ്ങളും 1.63 ലക്ഷം സജീവ തൊഴിലാളികളുമാണ്. അവസാന മൂന്നുവർഷത്തിൽ ഒരു ദിവസമെങ്കിലും പണിയെടുത്തവരെയാണ് സജീവ അംഗങ്ങളായി പരിഗണിക്കുന്നത്. 2025–26 സാമ്പത്തിക വർഷം 68,035 കുടുംബങ്ങളിലായി 74,100 തൊഴിലാളികളാണ് പണിക്കിറങ്ങിയത്. ഒരു വർഷം 100 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പാക്കുന്നതാണ് തൊഴിലുറപ്പുപദ്ധതി. ഇതുപ്രകാരം 2025–26 സാമ്പത്തിക വർഷം 100 ദിവസം പൂർത്തീകരിച്ചത് 21,730 കുടുംബങ്ങളാണ്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ ഏതൊക്കെ മേഖലയിൽ പദ്ധതി നടപ്പാകും ഏതെല്ലാം മേഖലകൾ ഒഴിവാക്കപ്പെടും എന്നീ കാര്യങ്ങളിലെല്ലാം ആശങ്ക നിലനിൽക്കുകയാണ്. പുതിയ നിയമമനുസരിച്ച് കൃഷിയിറക്കുന്ന സമയത്തും വിളവെടുപ്പുസമയത്തുമായി 60 ദിവസം തൊഴിൽ നഷ്‌ടപ്പെടും. ഇത്രയും ദിവസം ഇവർക്ക് കൂലിയുമില്ലാതാവും.











0 comments