അതിദാരിദ്ര്യമുക്തരായി 5013 കുടുംബങ്ങൾ

പ്രത്യേക ലേഖകൻ
Published on Oct 23, 2025, 12:03 AM | 2 min read
തൃശൂർ
കേരളപ്പിറവിദിനത്തിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത നാടായി പ്രഖ്യാപിക്കുന്പോൾ തൃശൂരിൽ അതിദാരിദ്ര്യത്തിൽനിന്ന് മോചനം ലഭിക്കുന്നത് 5013 കുടുംബങ്ങൾക്ക്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിങ്ങനെ അതിദാരിദ്ര്യ നിർണയത്തിന്റെ അടിസ്ഥാന ഘടകങ്ങളെല്ലാം ആവശ്യമായ സംവിധാനമൊരുക്കിയാണ് ജില്ല അതിദാരിദ്ര്യത്തിൽനിന്ന് പൂർണ മുക്തി നേടുന്നത്. ഭക്ഷണം ആവശ്യമായിരുന്ന 1022 പേർക്കും ആരോഗ്യപരമായ സഹായം വേണ്ട 2535 പേർക്കും വരുമാനം അത്യാവശ്യമായ 389 പേർക്കും അഭയം ആവശ്യമുള്ള 1112 പേർക്കുമാണ് സഹായം ഉറപ്പാക്കിയത്. ആരോഗ്യ കാരണങ്ങളാൽ ജീവിതംവഴിമുട്ടിയവരാണ് അതിദാരിദ്ര്യാവസ്ഥയിലുള്ളവരിൽ ഏറെയും. ഇവര്‍ക്കായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിന്റെയും തുടര്‍ചികിത്സ, സാന്ത്വന പരിചരണം, മരുന്ന് എന്നിവ എത്തിച്ചുനൽകാൻ സംവിധാനമൊരുക്കി. അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായിരുന്ന നാല് ഗുണഭോക്താക്കൾക്കായി പ്രത്യേക ഇടപെടലാണ് നടത്തിയത്. ഇതിൽ ഒരാൾക്ക് സഹായം ലഭ്യമാക്കി. മറ്റുരണ്ടുപേർക്ക് അവയവദാതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നാലാമത്തെയാൾക്ക് ചികിത്സാ ധനസഹായത്തിനായി എസ്റ്റിമേറ്റ് സഹിതം അപേക്ഷ സമർപ്പിച്ചു. ബഹുമുഖമയ ഇടപെടലിലൂടെയാണ് വാസസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത്. വീട് പുനരുദ്ധാരണം ആവശ്യമായിരുന്ന 495 പേരുമായും കരാർ വെച്ച് പദ്ധതി പൂർത്തിയാക്കി. വീട് മാത്രം ആവശ്യമുള്ള 361 പേരിൽ 359 പേരുമായി കരാറിൽ ഏർപ്പെട്ടു. ഇതിൽ 318 വീടുകളുടെ നിർമാണം പൂർത്തിയായി. കരാർ വയ്ക്കാൻ ബാക്കിയുള്ള രണ്ടുപേരിൽ ഒരാൾക്ക് തീരദേശ ഹൈവേയുടെ സ്ഥലമേറ്റെടുപ്പും മറ്റൊരാൾക്ക് വസ്തു ജപ്തിയിലായതുമാണ് തടസ്സമായത്. വീടും സ്ഥലവും ആവശ്യമുള്ളത് 372 പേർക്കാണ്. ഇതിൽ 330 പേർ കരാർ ഒപ്പുവെച്ചു. ഇതിൽ 197 വീട് നിർമാണം പൂർത്തിയായി. കരാർ വയ്ക്കാൻ ബാക്കിയുള്ള 42 പേരിൽ 29 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. 13 പേർക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 133 വീടുകൾ നിർമാണ ഘട്ടത്തിലാണ്. ആകെ 5013 അതിദരിദ്രരിൽ 4649 പേർക്കായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയിരുന്നു. ഇതിൽ 3197 പേർ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണമായും മുക്തരായി. ശേഷിക്കുന്ന 1451 പേരെ 'പാർക്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാർക്ക് വിഭാഗം താമസം മാറിയവർ (68), വാടക വീട്ടിലേക്ക് മാറിയവർ (120), മറ്റ് സഹായങ്ങൾ ആവശ്യമില്ലാത്തവർ (557), മരിച്ചവർ (152), ബന്ധുക്കളോടൊപ്പം താമസിക്കുന്നവർ (229) തുടങ്ങിയ വിവിധ കാരണങ്ങളാൽ തുടർസഹായം ആവശ്യമില്ലാത്തവരാണ് ‘പാർക്ക്’ വിഭാഗത്തിൽ ഉൾപ്പെടുന്നത്.









0 comments