പണംതട്ടൽ ആസൂത്രണം ചെയ്യുന്നതിനിടെ കവർച്ചാസംഘം അറസ്റ്റിൽ

അന്തിക്കാട്
വ്യാജ സ്വർണം കൈവശംവച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ കവർച്ചാ സംഘത്തെ അന്തിക്കാട് പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഹൈവേ റോബറി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (മുബി 36), തളിക്കുളം അറക്കവീട്ടിൽ അഖിൽ (29), തളിക്കുളം അറയ്ക്കപ്പറമ്പിൽ ജീവൻ (36), ഗണേശ മംഗലം പുതുക്കാട് വീട്ടിൽ പി എച്ച് വിഷ്ണു (29), തൃത്തല്ലൂർ വന്നേരി വീട്ടിൽ വി വി വിഷ്ണു (30), തളിക്കുളം പണിക്കവീട്ടിൽ ഷായിർ (36) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും പേർ കുറ്റകൃത്യം ചെയ്യുന്നതിനായി കാഞ്ഞാണി സിൽവർ ബാറിൽ ഒത്തുകൂടിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 10 ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽനിന്ന് ലോഹ നിർമിതമായ മൂന്ന് വ്യാജ സ്വർണബിസ്കറ്റുകൾ പൊലീസ് പിടിച്ചെടുത്തു. മുബാറക്ക് വാടാനപ്പള്ളി, വലപ്പാട്, അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, ഹൈവേ റോബറി ഉൾപ്പെടെ പത്ത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. അഖിൽ പാലക്കാട് മീനാക്ഷിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹൈവേ കവർച്ചക്കേസിലെ പ്രതിയാണ്. അന്തിക്കാട് എസ്ഐ റിജി, എസ്‌സിപിഒ സജു, സിപിഒമാരായ ഗോപകുമാർ, അനൂപ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ ഷൈൻ, ജിഎസ്‌പിഒമാരായ പി എക്സ് സോണി, വി കൃഷ്ണദാസ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.









0 comments