ഡൽഹിയിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യം
കരുത്തുപകരാൻ കൊല്ലത്തിന്റെ യുവത്വവും

ഡൽഹിയിൽ നടക്കുന്ന യുവജന സമരത്തിൽ അണിചേരാൻ കൊല്ലത്തുനിന്ന് പുറപ്പെടുന്ന എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുള്ള പതാക ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹന് ട്രഷറർ എസ് ആർ അരുൺബാബു കൈമാറുന്നു
കൊല്ലം
നീറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് വിദ്യാർഥികളും യുവജനങ്ങളും നടത്തുന്ന സമരത്തിന് കരുത്തുപകരാൻ കൊല്ലത്തിന്റെ യുവത്വവും. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ 37 സമരവളന്റിയർമാർ ഡൽഹിയിലേക്ക് പുറപ്പെട്ടു. വെള്ളി വൈകിട്ട് കൊല്ലം റെയിൽവെ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട സംഘത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹനാണ് നയിക്കുന്നത്. ലാത്തികൊണ്ടും മാരകായുധങ്ങൾകൊണ്ടും അടിച്ചമർത്താനാകുന്നതല്ല രാജ്യത്തിന്റെ യുവത്വമെന്ന പ്രഖ്യാപനവുമായാണ് ഓരോ വളന്റിയറും സമരത്തിൽ അണിചേരുന്നത്. ഞായറാഴ്ചയോടെ ഡൽഹിയിലെത്തുന്ന സംഘം തുടർന്നുള്ള ദിവസങ്ങളിൽ പ്രക്ഷോഭത്തിന്റെ ഭാഗമാകും. ഡൽഹി സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള യാത്രയിൽ അണിനിരക്കുന്ന പ്രവർത്തകർക്ക് ഡിവൈഎഫ്‌എ, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്വീകരണവും യാത്രയയപ്പും നൽകി. ക്യുഎസിയിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്തു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് വിഷ്ണു അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സമരവളന്റിയർമാർക്ക് പതാക കൈമാറി. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് ഷാരിയാർ, എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ, കെ വരദരാജൻ, ഗോപി കൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments