വന്ദേഭാരത് നിർമാണത്തിൽ മാത്രം ശ്രദ്ധ
സാധാരണ യാത്രക്കാരെ വെല്ലുവിളിച്ച് റെയിൽവേ

കാലപ്പഴക്കംചെന്ന റേക്കുകളുമായുള്ള മെമു ട്രയിൻ
സ്വന്തം ലേഖിക
Published on Jul 25, 2026, 01:07 AM | 2 min read
കൊല്ലം
വന്ദേഭാരത് ട്രെയിൻ നിർമാണത്തിൽ മാത്രം ശ്രദ്ധ, മെമു ട്രെയിനുകളുടെ നിർമാണം വെട്ടിക്കുറച്ച് സാധാരണ യാത്രക്കാരെ വെല്ലുവിളിച്ച് റെയിൽവേയും കേന്ദ്രസര്‍ക്കാരും. കാലപ്പഴക്കംചെന്ന റേക്കുകൾ നൽകിയും കോച്ചുകൾ വെട്ടിക്കുറച്ചും അറ്റകുറ്റപ്പണിക്ക് പോകുന്നവയ്ക്ക് പകരം കോച്ചുകൾ ലഭ്യമാക്കാതെയും റെയിൽവേ വെല്ലുവിളി. കാലപ്പഴക്കമുള്ള റേക്കുകളുമായുള്ള സർവീസ് പകുതി വഴിയിൽ നിലയ്‌ക്കുന്നതും പതിവായിട്ടും അധികൃതർക്ക് കുലുക്കമില്ല. പുതിയ മെമു ട്രെയിനുകളുടെ നിർമാണം ഇന്ത്യൻ റെയിൽവേ വെട്ടിക്കുറച്ചിട്ട് മൂന്നു വർഷമായി. പ്രീമിയം ട്രെയിനായ ‘വന്ദേ ഭാരത്' നിർമാണത്തിലേക്ക് റെയിൽവേ ശ്രദ്ധ മാറ്റിയതാണ് മെമു പ്രതിസന്ധിക്ക് കാരണം. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഈ വർഷം നിർമിക്കുന്ന മൂന്നു മെമു ട്രെയിനുകളും സൗത്ത് സെൻട്രൽ റെയിൽവേയ്ക്കുള്ളതാണ്. അതിനാൽ ദക്ഷിണ റെയിൽവേയ്ക്ക് ഇക്കുറിയും പുതിയ മെമു ലഭിക്കാൻ സാധ്യത ഇല്ല. ചെന്നൈയിലെ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്ന് തിരുവനന്തപുരം ഡിവിഷനിലേക്ക് നൽകുന്നത് കാലപ്പഴക്കം ഏറിയ റേക്കുകളാണ്. ഇതുപയോഗിച്ചാണ് കൊല്ലം മുതൽ കണ്ണൂർ വരെയുള്ള സർവീസ്. രണ്ടാഴ്‌ച മുന്പ് കാലപ്പഴക്കം ചെന്ന റേക്കുകളുമായി എറണാകുളത്തുനിന്ന് കോട്ടയം വഴി കായംകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ മാവേലിക്കരയ്‌ക്കും കായംകുളത്തിനും ഇടയ്‌ക്കുള്ള പ്രധാന പാതയിൽ നിന്നു. എൻജിന്റെ ആക്‌സിൽ ലോക്കായി വീൽ കറങ്ങാതായതാണ് കാരണം. ഒടുവിൽ തിരുവനന്തപുരത്തുനിന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിൻ (എആർടി)എത്തിയാണ് മെമു മാറ്റിയത്. അഞ്ചര മണിക്കൂറാണ് ട്രെയിൻ പാതയിൽ കിടന്നത്. പെരുവഴിയിലായ യാത്രക്കാർ ഒടുവിൽ കാൽനടയായി കായംകുളത്ത് എത്തിയാണ് യാത്രതുടര്‍ന്നത്. ഇത് മറ്റ് ട്രെയിനുകളുടെ ഷെഡ്യൂളുകളും തടസ്സപ്പെടുത്തി, ജനശതാബ്ദി, ശബരി എക്സ്പ്രസ്, കൊല്ലം മെമു എന്നിവ ഉൾപ്പെടെയുള്ള സർവീസുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ല ട്രെയിൻ നിൽക്കാനും വൈകാനുമിടയായ സംഭവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ സേഫ്‌ടി വിഭാഗം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. എറണാകുളം–-കൊല്ലം റൂട്ടിൽ ഓടിയിരുന്ന 12 കോച്ചുള്ള മെമു സാങ്കേതിക തകരാറിലായതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി പാലക്കാട്ടേക്ക് കൊണ്ടുപോയിട്ട് രണ്ടാഴ്‌ചയായി. പകരം എട്ട് കോച്ചുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്. പാലക്കാട്ടേക്ക് അയച്ച ട്രെയിൻ വെള്ളിയാഴ്ച തിരികെയത്തി. ശുചിമുറിയില്ലാ കോച്ചുകൾ ചെന്നൈ സെബർബൻ റൂട്ടിൽ നേരത്തെ സർവീസ് നടത്തിയിരുന്ന പഴയ റേക്കുകളാണ് മെമുവിനായി കൊല്ലത്ത് സർവീസ് നടത്തുന്നത്. ഇത്തരം കോച്ചുകളിൽ ശുചിമുറികൾ കുറവാണ്. സാധാരണ എല്ലാ കോച്ചിലും ഇരുഭാഗത്തും രണ്ട് ശുചിമുറികൾ വീതമാണുള്ളത്. എന്നാൽ, ഇത്തരം കോച്ചുകളിൽ രണ്ട് കോച്ചുകൾക്ക് ഒരു ശുചിമുറി മാത്രമാണുള്ളത്. സ്‌ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ട്രെയിനുകളിൽ പ്രാഥമികാവശ്യം നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ.










0 comments