ad
Deshabhimani

മണ്ണിലും വിണ്ണിലും 
ആവേശപ്പെരുക്കം

 വടക്കാഞ്ചേരി വിഭാഗത്തിന്റെ പകൽ വെടിക്കെട്ട്‌

വടക്കാഞ്ചേരി വിഭാഗത്തിന്റെ പകൽ വെടിക്കെട്ട്‌

avatar
അജീഷ്‌ കർക്കിടകത്ത്‌

Published on Feb 24, 2026, 11:38 PM | 1 min read

വടക്കാഞ്ചേരി

ഭരണിപ്പച്ചയുടെ താഴ്‌വാരത്ത് ഉത്രാളിക്കാവിലെ പൂരം പെയ്തിറങ്ങി. വാദ്യമേള ലയത്തിലലിഞ്ഞ് തട്ടകദേശങ്ങൾ. പൂരം ആസ്വദിക്കാൻ ദൂരദേശങ്ങളിൽ നിന്ന്‌ പോലും ആളുകൾ ഒഴുകിയെത്തി. ആവേശത്തിന്റെ അലകടൽ തീർത്ത് കൂട്ടിയെഴുന്നള്ളിപ്പും നടന്നു. വടക്കാഞ്ചേരി ദേശത്തിന്റെ നേതൃത്വത്തിൽ കരുമരക്കാട് ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യവും സംസ്ഥാനപാതയിലൂടെ സായുധ പൊലീസ് അകമ്പടിയോടെ എഴുന്നള്ളിപ്പും കുമരനെല്ലൂർ ദേശത്തിന്റെ ഗജഘോഷയാത്രയും നടന്നു. മുപ്പതിലധികം ആനകൾ അണിനിരന്നു. ചടങ്ങുകൾക്കുശേഷം തട്ടകദേശമായ എങ്കക്കാട് വിഭാഗത്തിന്റെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പിന് തുടക്കമായി. കുനിശ്ശേരി അനിയൻമാരാർ പ്രമാണികത്വം വഹിച്ചു. കൊന്പൻ തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 11 ആനകൾ അണിനിരന്നു. പുതുപ്പള്ളി കേശവന്റെ നേതൃത്വത്തിൽ 11 ആനകളോടെ കുമരനെല്ലൂർ ദേശത്തിന്റെ ഗജഘോഷയാത്ര ഉത്രാളിക്കാവിലെത്തി. തുടർന്ന് എങ്കക്കാട് ദേശം കാവിന് പുറത്ത് കടന്നതോടെ, കുമരനെല്ലൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് പഞ്ചവാദ്യം ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറി. വടക്കാഞ്ചേരി ദേശം കരുമരക്കാട് ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെയുള്ള പൂരം എഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രൻ പ്രമാണികത്വം വഹിച്ചു. കൊന്പൻ ഊക്കൻസ് കുഞ്ചു തിടമ്പേറ്റി. ഒമ്പത് ആനകൾ അകമ്പടിയേകി. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് ക്ഷേത്രത്തിന് അഭിമുഖമായി നിരന്നതോടെ കുമരനെല്ലൂർ വിഭാഗം എഴുന്നള്ളിപ്പ് പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തുകടന്നു. തുടർന്ന് പാണ്ടിമേളത്തോടെ ഭഗവതിപൂരത്തിന് തുടക്കം കുറിച്ചു. വടക്കാഞ്ചേരി ദേശത്തിന് പെരുവനം കുട്ടൻ മാരാരും എങ്കക്കാട് ദേശത്തിന് കിഴക്കൂട്ട് അനിയൻ മാരാരും കുമരനെല്ലൂർ ദേശത്തിന് വെള്ളിത്തിരുത്തി ഉണ്ണി നായരും മേളത്തിന് പ്രാമാണികത്വം വഹിച്ചു. വടക്കാഞ്ചേരി വിഭാഗത്തിന്റെ വെടിക്കെട്ടും കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും നടന്നു. പകൽപ്പൂര ചടങ്ങുകളുടെ ആവർത്തനം രാത്രിയിലും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home