വറുതിയുടെ നാളുകൾക്ക് അറുതിയാകുന്നു
വലനിറച്ച് ചൂടയും ചെമ്മീനും

ചേറ്റുവ ഹാർബറിൽ ചെമ്മീനുമായി വള്ളമടുത്തപ്പോൾ
കൊടുങ്ങല്ലൂർ
മഴമാറി മാനം തെളിഞ്ഞതോടെ പരമ്പരാഗത മീൻപിടിത്ത തൊഴിലാളികളുടെ വലനിറച്ച് ചൂടയും ചെമ്മീനും. ഒപ്പം മത്തിയും അയലയും വലയിൽ കയറിയതോടെ വറുതിയുടെ നാളുകൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള ജില്ലയിലെ പരമ്പാരാഗത വള്ളക്കാർക്കാണ് മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മീൻ ലഭിച്ചു തുടങ്ങിയത്. വേനലിൽ കടലിൽ ചൂടുകൂടിയതോടെ തീരക്കടലിൽ മീൻ ലഭ്യത കുറവായിരുന്നു. കടലിൽ പോയാൽ മീൻ കിട്ടാതെ ഇന്ധന ച്ചെലവിന്റെ നഷ്‌ടവുമായാണ് വള്ളക്കാർ മടങ്ങിയിരുന്നത്. കാലവർഷം ശക്തമായതോടെ കടലിലെ ചൂട് കുറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും വന്നു. ഇപ്പോൾ മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെയാണ് പരമ്പരാഗത വള്ളങ്ങൾ കടലിലിറങ്ങിയത്. ട്രോളിങ് നിരോധന കാലമായതിനാൽ മീനിന് നല്ല വിലയും കിട്ടുന്നുണ്ട്. ചെറിയ പൂവാലൻ ചെമ്മീന് കിലോയ്‌ക്ക് 200 രൂപയും അയലയ്‌ക്ക് 350 രൂപയും മത്തിക്ക് 250 രൂപയും വില കിട്ടുന്നുണ്ട്. ചൂടക്ക് 200 രൂപയും ലഭിക്കുന്നു. കാലവർഷത്തിലും തെക്കൻ കാറ്റിലും കടലിന്റെ അടിത്തട്ട് ഇളകി മറിഞ്ഞ് ശാന്തമായാൽ മീൻ ലഭ്യത കൂടുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തെക്കൻ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ ആശങ്കയോടെയാണ് കടലിൽ പോകുന്നതെന്നും ഇവർ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ നല്ല കാറ്റുണ്ടായതിനാൽ കടലിൽ പോയ വള്ളങ്ങൾ തിരിച്ച് കരയിലെത്തി. അഴീക്കോട് അഴിമുഖത്ത് ഒരു ചെറുവള്ളം മുങ്ങി. തീരക്കടലിലേക്ക് മീൻ വരവ് തുടങ്ങിയതിന്റെ ലക്ഷണമാണ് ഇപ്പോൾ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വരുംദിവസങ്ങളിൽ നല്ല മീൻ കൊയ്ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. മീൻ ലഭിച്ചു തുടങ്ങിയതോടെ ഹാർബറുകളും സജീവമായി.










0 comments