ad
Deshabhimani

നടപ്പാതകൾ നന്നാക്കാതെ കോർപറേഷൻ

നഗരത്തിൽ കാൽനടയാത്ര ദുഷ്‌കരം

എംജി റോഡിൽ തുരുമ്പിച്ച് ദ്രവിച്ച ഇരുമ്പ് പൈപ്പ്

എംജി റോഡിൽ തുരുമ്പിച്ച് ദ്രവിച്ച ഇരുമ്പ് പൈപ്പ്

avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 12:15 AM | 1 min read

തൃശൂർ

മഴയ്‌ക്ക്‌ മുന്നോടിയായി നടപ്പാതകളുടെ നവീകരണം കോർപറേഷൻ നടത്താതിരുന്നതോടെ തൃശൂർ നഗരത്തിൽ കാൽനട യാത്ര ദുഷ്‌കരമാകുന്നു. എംജി റോഡ്‌, എംഒ റോഡ്‌, ശക്തൻ സ്റ്റാൻഡ്‌, കിഴക്കേക്കോട്ട അടക്കമുള്ള നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിലെ റോഡുകളിൽ പലയിടത്തും നടപ്പാത തകർന്നു. നടപ്പാതകളുടെ സ്ലാബുകൾ ഇളകിക്കിടക്കുകയാണ്‌. പലയിടത്തും കോൺക്രീറ്റ്‌ സ്ലാബുകൾ തകർന്നു. ചിലത്‌ ഏത്‌ നിമിഷവും തകർന്ന്‌ വീഴാവുന്ന സ്ഥിതിയിലാണ്‌. മുൻകാലങ്ങളിൽ തൃശൂർ പൂരത്തിന്‌ മുന്നോടിയായി നടപ്പാതകളുടെയും നഗരത്തിലെ റോഡുകളുടെയും നവീകരണം നടത്താറുണ്ട്‌. മഴയ്‌ക്ക്‌ മുന്നോടിയായി നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താൻ കോർപറേഷനിലെ കോൺഗ്രസ്‌ ഭരണസമിതി തയ്യാറാകാതിരുന്നതാണ്‌ പ്രശ്‌നങ്ങൾക്ക്‌ വഴിവച്ചത്‌. റോഡുകൾ തകർന്ന്‌ കിടക്കുന്നതിനൊപ്പം കാലവർഷവും എത്തിയതോടെ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. പലപ്പോഴും കുരുക്ക്‌ മറികടക്കാൻ ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ കയറിപ്പോകുന്നത്‌ അപകടം വരുത്തിവയ്‌ക്കുന്നു. പലയിടത്തും നടപ്പാതയിലും അതിനോട്‌ ചേർന്നും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്‌. മഴയിൽ ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണ്‌. കാൽനടയാത്രക്കാർ കുഴിയിൽ കുടുങ്ങി അപകടമുണ്ടാകാനും സാധ്യതയുണ്ട്‌. നടുവിലാലിലെ കോർപറേഷൻ ഷോപ്പിങ്‌ കോംപ്ലക്‌സിലേക്ക്‌ കടക്കാനുള്ള നടപ്പാത തകർന്ന്‌ കിടക്കുകയാണ്‌. കഴിഞ്ഞയാഴ്‌ച ഇതിലൂടെ കടക്കുന്നതിനിടയിൽ നടപ്പാത തകർന്ന്‌ സ്‌ത്രീക്ക്‌ ഗുരുതരമായി പരിക്കേറ്റു. 15 അടിതാഴ്‌ചയാണ്‌ ഇവിടെയുള്ളത്‌. ഇത്രയും വലിയ അപകടം നടന്നിട്ടും കോർപറേഷൻ ഭരണസമിതിയും ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കിയില്ല. അപകടം ആവർത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട്‌ ഇവിടെ കട നടത്തുന്നവർ പ്ലാസ്റ്റിക്‌ വള്ളി കെട്ടി അടച്ചു വയ്‌ക്കുകയായിരുന്നു. 20ഓളം കടകളാണ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home