മഴയെ അവഗണിച്ചും വടക്കുന്നാഥനിലേക്ക്
മഴയെ അവഗണിച്ചും വടക്കുന്നാഥനിലേക്ക് ഒഴുകിയെത്തി ആനപ്രേമികൾ

കർക്കിടകം ഒന്നിന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് / ഫോട്ടോ: ഡിവിറ്റ് പോൾ
തൃശൂർ
കർക്കടകപ്പുലരിയിൽ തിമിർത്തുപെയ്‌ത മഴയെ അവഗണിച്ച് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിയത് ആയിരങ്ങൾ. കഴുത്തിൽ പൂമാലയും നെറ്റിയിൽ കുറിയുംതൊട്ട് അണിനിരന്ന ആനകളെ കാണാനും ഉരുള നൽകാനുമായി ആരാധകർ തടിച്ചുകൂടി. തൃശൂരിന്റെ ആനക്കമ്പത്തിന് പകരംവയ്‌ക്കാൻ മറ്റൊന്നില്ലെന്നതിന്റെ തെളിവായി ജനസാന്നിധ്യം.-- വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന ആനയൂട്ടിൽ എട്ട് പിടിയാന ഉൾപ്പെടെ 45 ആനകള്‍ പങ്കെടുത്തു.- മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി പിടിയാന തിരുവന്പാടി ലക്ഷ്‌മിക്ക് ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. ക്ഷേത്രത്തിനകത്ത് ബാരിക്കേഡിനകത്താണ് ആനകളെ നിരത്തിയത്. 500 കിലോ അരിയുടെ ചോറ്, മഞ്ഞൾപ്പൊടി, ശർക്കര, തേൻ എന്നിവ ഉരുളകളാക്കിയാണ് ക്ക് നൽകിയത്. കക്കിരിക്ക, കൈതച്ചക്ക, കരിമ്പ്, പഴം, തണ്ണിമത്തൻ, ചോളം എന്നിവയ്‌ക്ക് പുറമെ ഔഷധക്കൂട്ടും നൽകി. കേരളത്തിലെ തലയെടുപ്പുള്ള ആനകളായ പുതുപ്പിള്ളി കേശവൻ, എറണാകുളം ശിവകുമാർ, കുട്ടൻകുളങ്ങര അർജുനൻ, ഗുരുവായൂർ രാജശേഖരൻ, ഉൗക്കൻ കുഞ്ചു എന്നീ ആനകൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. 12,008 നാളികേരം, 2500 കിലോ ശർക്കര, 1500 കിലോ അവിൽ, 250കിലോ മലർ, 50 കിലോ എള്ള്, 50 ലിറ്റർ തേൻ, കരിമ്പ്, ഗണപതി നാരങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. ആനകൾ പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് കിഴക്കേനട വഴിയാണ് പുറത്തുകടന്നത്. അന്നദാനവും വൈകിട്ട് കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവത്‌സേവയും നടന്നു. ആനയൂട്ടിനെത്തിയവരുടെ വാഹനങ്ങളാൽ തേക്കിൻകാട് നിറഞ്ഞിരുന്നു. മന്ത്രി ഒ ജെ ജനീഷ്, മേയർ ഡോ. നിജി ജസ്റ്റിൻ, എംഎൽഎമാരായ രാജൻ ജെ പല്ലൻ, ചാണ്ടി ഉമ്മൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, കലക്ടർ ശിഖ സുരേന്ദ്രൻ, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് കുന്നത്ത്, സെക്രട്ടറി കെ എ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.











0 comments