ജില്ലാ ആശുപത്രി സമുച്ചയം ഉടൻ സേവനസജ്ജമാക്കും

ചെങ്ങന്നൂർ
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച കെട്ടിടസമുച്ചയത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. പുതിയ കെട്ടിടത്തിലേക്ക് വിവിധ വിഭാഗങ്ങളും സേവനങ്ങളും കാര്യക്ഷമമായി മാറ്റി സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും. ഇതിനായി ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശുപത്രി അധികൃതരുടെയും യോഗം സജി ചെറിയാൻ എംഎൽഎ വിളിച്ചുചേർത്തു. ഓരോഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വിശദമായ പ്രവർത്തനപദ്ധതി യോഗം വിലയിരുത്തി. വിപുല ചികിത്സാസൗകര്യങ്ങൾ, ആധുനിക ചികിത്സാ ഉപകരണങ്ങൾ, രോഗീസൗഹൃദ സംവിധാനങ്ങൾ എന്നിവയോടെ പുതിയ ആശുപത്രി കെട്ടിടം പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനം ലഭ്യമാക്കും. ചെങ്ങന്നൂരിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന, പുതിയ ആശുപത്രി കെട്ടിടത്തിലെ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ കഴിയുമെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി വിശ്വനാഥൻ, നിതിൻ സി ചെറിയാൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി അനിത കുമാരി എന്നിവർ പങ്കെടുത്തു.










0 comments