ad
Deshabhimani

print edition യുദ്ധം വ്യാപിക്കുന്നു; സിറിയയിലും ഇറാഖിലും ആക്രമണം

IRAN-US
വെബ് ഡെസ്ക്

Published on Jul 18, 2026, 01:23 AM | 2 min read

ദുബായ്: ഹോർമുസ് കടലിടുക്കില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും വിപുലീകരിച്ച് അമേരിക്ക. തുടർച്ചയായ ആറാം രാത്രിയിലും നടത്തിയ വന്‍ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു‍, 20 പേർക്ക് പരിക്കേറ്റു. സമാന തിരിച്ചടി നടത്തിയ ഇറാന്‍, ഖത്തർ ഉൾപ്പെടെയുള്ള യുഎസ് സഖ്യകക്ഷികൾക്കെതിരെ മിസൈൽ ആക്രമണം തീവ്രമാക്കി. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലേക്കും സിറിയയിലെ യുഎസ് പ്രത്യേക ഓപ്പറേഷൻ കമാൻഡ് സെന്ററിലേക്കും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചു.


കുവൈത്തിലെ യുഎസ് സൈനിക താവളം, ഖത്തറിലെ യുഎസ് വ്യോമതാവളം, ഒമാനിലെ യുഎസ് മാരിടൈം സർവൈലൻസ് റഡാറുകൾ, ബഹ്‌റൈനിലെ വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകള്‍, ജോർദാനിൽ നിലയുറപ്പിച്ച യുഎസ് ജെറ്റുകൾ എന്നിവയ്‌ക്കുനേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) അറിയിച്ചു. ജോർദാനും ഇറാഖിനും സമീപമുള്ള അൽ-തൻഫ് താവളത്തിൽ ഇറാൻ ബോംബിട്ടെന്ന റിപ്പോർട്ട് സിറിയ നിഷേധിച്ചു.


തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഇവരുടെ ഒരു വയസ്സുള്ള കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഇന്ത്യ വികസിപ്പിച്ച ചബഹാർ തുറമുഖത്തെ നിരീക്ഷണ ടവർ അമേരിക്ക തകർത്തു. താൽക്കാലിക കരാര്‍ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ സ്ഥിരീകരിച്ചു.

​​​

കുവൈത്തില്‍ 
കടല്‍ജല ശുദ്ധീകരണ 
നിലയം തകര്‍ത്തു


കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ അമേരിക്കന്‍ സേനയ്ക്ക്കനത്ത നാശമുണ്ടാക്കിയതായി അൽ ജസീറ റിപ്പോർട്ട്ചെയ്‌തു. സഞ്ചരിക്കുന്ന റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.


വൈദ്യുതി ഉൽപ്പാദന കേന്ദ്രവും കടല്‍ജല ശുദ്ധീകരണ കേന്ദ്രവും പ്രവര്‍ത്തിച്ച നിലയം ഇറാന്‍ ആക്രമിച്ചെന്നും വ്യാപക നഷ്‌ടമുണ്ടായെന്നും കുവൈത്ത് സ്ഥിരീകരിച്ചു. കുവൈത്തില്‍ കുടിവെള്ളത്തിന്റെ 90 ശതമാനവും വരുന്നത് കടല്‍ജല ശുദ്ധീകരണ നിലയങ്ങളില്‍ നിന്നാണ്. ഇറാന്റെ വ്യോമാക്രമണം ഖത്തർ സേന തടഞ്ഞതിനെ തുടർന്ന് തെറിച്ചുവീണ അവശിഷ്‌ടങ്ങൾ തട്ടി കുട്ടിക്ക് പരിക്കേറ്റു.


ജോർദാനില്‍ യുഎസ് 
യുദ്ധവിമാനങ്ങൾ 
തകര്‍ത്തെന്ന്


ജോർദാനിൽ തമ്പടിച്ച അമേരിക്കൻ യുദ്ധവിമാനങ്ങളെയും ടാങ്കറുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആര്‍ജിസി വെളിപ്പെടുത്തി. നിരവധി അമേരിക്കൻ ടാങ്കറുകളും യുദ്ധവിമാനങ്ങളും നശിപ്പിച്ചെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തെന്നും പ്രസ്‌താവനയില്‍ പറയുന്നു. ഇതിനോട് അമരിക്ക പ്രതികരിച്ചിട്ടില്ല. ​


ഇന്ത്യൻ നാവികരെ 
നിയോഗിക്കരുതെന്ന്‌ 
നിർദേശം


പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത്‌ ഹോർമുസ്‌ കടലിടുക്ക്‌ വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. ഷിപ്പിങ്‌ കമ്പനികൾ, കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവയ്ക്കാണ്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം മുന്നറിയിപ്പ്‌ നൽകിയത്‌.


തെക്കന്‍ ഇറാനെ അടര്‍ത്തിമാറ്റാന്‍ നീക്കം


ഇറാന്റെ തെക്കൻ ഭാഗത്തെ പ്രധാന ഭൂപ്രദേശത്ത് നിന്ന് വിഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ അമേരിക്കൻ ആക്രമണം. മേഖലയില്‍ ഏഴ് പാലങ്ങൾ തകർത്തു. അതിൽ ആറെണ്ണവും ബന്ദർ ഖമീറിൽ. ഗൾഫിലെ ഏറ്റവും വലിയ ദ്വീപായ ഖേഷമിന്‌ അടുത്തുള്ള ചെറുനഗരമാണ് ബന്ദർ ഖമീർ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തെ മധ്യ ഇറാനുമായി ബന്ധിപ്പിക്കുന്ന ബന്ദർ അബ്ബാസ് നഗരത്തിലെ റെയിൽവേ പാളവും ആക്രമിക്കപ്പെട്ടു.


തെക്കന്‍ മേഖലയിലെ വൈദ്യുതി സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയെന്ന് ഇറാന്‍ സ്ഥിരീകരിച്ചു.


തെക്കൻ പ്രവിശ്യകളിൽ വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ഊർജ മന്ത്രാലയം ജനതയോട് അഭ്യര്‍ഥിച്ചു.​​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home