നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ
പള്ളിക്കര അമ്പലപ്പടി–പാങ്കോട് റോഡുനിർമാണം പാതിവഴിയിൽ നിലച്ചു

കോലഞ്ചേരി
പള്ളിക്കര അമ്പലപ്പടി–പാങ്കോട് റോഡിന്റെ നിർമാണം തുടങ്ങി ഒരുവർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ. കലുങ്ക്, കാന നിർമാണങ്ങൾ പൂർത്തിയായെങ്കിലും കാലപ്പഴക്കംചെന്ന കുടിവെള്ളപൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നിർമാണം തടസ്സപ്പെടാൻ കാരണമായത്.
വെമ്പിള്ളി വായനശാലമുതൽ അമ്പലപ്പടിവരെ 50 വർഷം പഴക്കമുള്ള ജലസേചന വകുപ്പിന്റെ പൈപ്പുകൾ പൊട്ടുന്നത് പതിവായിരുന്നു. ഇതുകാരണം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാത്ത സാഹചര്യവുമുണ്ടായി. പൈപ്പുകൾ പൂർണമായി മാറ്റിസ്ഥാപിച്ചശേഷംമാത്രമേ ടാറിങ് നടത്താവൂവെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് ജനങ്ങൾ കോടതിയെ സമീപിച്ചു. കോടതിനിർദേശപ്രകാരം കലക്ടർ ഇടപെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പൈപ്പുകൾ മാറ്റിസ്ഥാപിച്ചു.
പൈപ്പിടൽ കഴിഞ്ഞ് ഒരുവർഷമായിട്ടും റോഡിന്റെ റീ-ടാറിങ് നടത്തി നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഇതോടെ നാട്ടുകാർ വീണ്ടും കലക്ടർക്ക് പരാതി നൽകി. ബന്ധപ്പെട്ട വകുപ്പുകളുടെയും കരാറുകാരന്റെയും യോഗം വിളിച്ചുചേർത്തുവെങ്കിലും നിർമാണം പുനരാരംഭിച്ചിട്ടില്ല.
നിലവിൽ റോഡ് പൂർണമായും തകർന്നു. മഴ പെയ്താൽ ചെളിക്കുളമാകുന്ന റോഡിൽ വെയിലായാൽ കടുത്ത പൊടിശല്യവുമാണ്. ഇതുമൂലം റോഡിനുസമീപം താമസിക്കുന്ന നിരവധി കുടുംബങ്ങളും യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.










0 comments