print edition അത് നുണക്കപ്പൽ; 10,000 കോടി നിക്ഷേപമില്ലെന്ന് ടാറ്റ


സ്വന്തം ലേഖകൻ
Published on Jul 18, 2026, 02:11 AM | 1 min read
തിരുവനന്തപുരം: വ്യവസായ ഭീമൻ ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നുണക്കഥ പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ മുഖംമൂടി ടാറ്റഗ്രൂപ്പ് തന്നെ വലിച്ചുകീറി. കപ്പൽനിർമാണ പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കുമെന്ന സതീശന്റെ പ്രസ്‌താവന വെറും "പിആർ തള്ള്' മാത്രമാകുമെന്ന് ‘ഇക്കണോമിക് ടൈംസ് ’പത്രത്തിനോട് ടാറ്റ സീനിയർ എക്‌സിക്യൂട്ടീവ് പ്രതികരിച്ചു. ഇതോടെ സതീശന്റെ മറ്റൊരു കള്ളവും കൈയോടെ പിടിക്കപ്പെട്ടു. കേരളത്തിലെന്നല്ല, ദക്ഷിണേന്ത്യയിൽ പോലും ഇത്തരമൊരു കപ്പൽ നിർമാണ പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നാണ് ടാറ്റയുടെ വിശദീകരണം.
കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റാ ഗ്രൂപ്പ് സമീപിച്ചെന്നും ഭൂമി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു മാസത്തിനകം തീരുമാനിക്കുമെന്നുമാണ് വിദേശ മാധ്യമം ‘ബ്ലൂംബർഗു’മായുള്ള അഭിമുഖത്തിൽ സതീശൻ പറഞ്ഞത്.
ഇതോടെ മലയാള മാധ്യമങ്ങൾ ആഘോഷം തുടങ്ങി. ബുധനാഴ്‌ച തലസ്ഥാനത്ത് സെമിനാറിലും സതീശൻ നുണ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രതികരണം. ‘കേരളത്തിൽ നിലവിൽ അത്തരം പദ്ധതികൾ ടാറ്റ ഗ്രൂപ്പ് ആലോചിച്ചിട്ടുപോലുമില്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ തത്രപ്പാടിൽ പറഞ്ഞതായിരിക്കാം’ –ടാറ്റ പ്രതിനിധി ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.
‘കേരളത്തിൽ കപ്പൽനിർമാണം ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധമായിട്ടുണ്ട്. ഞങ്ങൾ അവർക്ക് ഭൂമി നൽകാൻ പോകുകയാണ്. 10,000 കോടി രൂപയുടെ പദ്ധതിയാണത്. മറ്റു പല കമ്പനികളും വരുന്നുണ്ട്’.
(ബ്ലൂംബർഗ് അഭിമുഖം)
‘ഷിപ്പ് ബിൽഡിങ് യൂണിറ്റ് തുടങ്ങാൻ കേരളത്തിൽ ടാറ്റ എത്തുകയാണ്. നമ്മൾ സംസാരിച്ച് അത് ക്ലിയർ ചെയ്യും’
(തിരുവനന്തപുരത്ത് ‘കേരള സമുദ്ര മിഷൻ മാരിടൈം മഹോത്സവം’ ഉദ്‌ഘാടനംചെയ്‌ത് പറഞ്ഞത്)
ഇതോടെ ആദ്യം പറഞ്ഞത് നിഷേധിച്ച് പിആർഡി വെള്ളിയാഴ്‌ച വാർത്താക്കുറിപ്പ് പുറത്തിറക്കി. വരുംവര്‍ഷങ്ങളില്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപമാണ് 10,000 കോടിയെന്നും ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ നിക്ഷേപ കരാര്‍ ഉറപ്പിച്ചുവെന്നല്ല പറഞ്ഞതെന്നുമാണ് വാർത്താക്കുറിപ്പ്.
അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിവിൽക്കുന്ന കാര്യം അറിഞ്ഞിട്ടേയില്ലെന്നായിരുന്നു വി ഡി സതീശൻ നിയമസഭയിലടക്കം പറഞ്ഞത്. എന്നാൽ, ഓഹരിവിൽപ്പനക്കാര്യം അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നതായി പിന്നീട് വ്യക്തമായി.











0 comments