പനിച്ചൂടിൽ വിറച്ച്
സ്വന്തം ലേഖകൻ/സ്വന്തം ലേഖിക
Published on Sep 08, 2026, 12:23 AM | 1 min read
തൃശൂര്‍
പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയതോടെ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികൾ ജില്ലയില്‍ വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കിടെ 5298 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 5235 പേര്‍ ഒപിയിലാണ് ചികിത്സതേടിയത്. 63 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. ഞായറാഴ്ച -ഒഴികെയുള്ള ദിവസങ്ങളില്‍ ശരാശരി 900ത്തിൽ അധികംപേര്‍ ചികിത്സ തേടുന്നുണ്ട്. സർക്കാർ ആരോഗ്യ സംവിധാനത്തിലെത്തുന്ന രോഗികളുടെ എണ്ണം ഇത്രയധികമായിരിക്കെ, യഥാർഥ രോഗവ്യാപനത്തിന്റെ തോത് ഇതിലും ഉയർന്നതാകുമെന്ന് വ്യക്തമാണ്.ഡെങ്കിപ്പനി രോഗികളും ജില്ലയില്‍ വര്‍ധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 94 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. 49പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചൂട് ഉയർന്നതോടെ കൊതുകുകളുടെ വ്യാപനത്തിനും രോഗബാധയ്ക്കും അനുകൂല സാഹചര്യം രൂപപ്പെട്ടു. കോർപറേഷൻ പരിധിയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെ എട്ടുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലപൂർവ ശുചീകരണവും കൊതുക് നശീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കിയെന്നാണ് ആക്ഷേപം. കൊതുക് വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിലും പൊതുസ്ഥലങ്ങളിലെ ശുചീകരണം ഉറപ്പാക്കുന്നതിലും വീഴ്ച തുടരുകയാണ്. യുഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത കാട്ടുന്നില്ലെന്ന വിമർശം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ഡെങ്കിപ്പനിക്കൊപ്പം ഹെപ്പറ്റൈറ്റിസ് എ കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചത്. രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. രോഗം പടരുന്നതിന് മുമ്പ് ഉറവിടങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നതിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധ വേണ്ടതെന്നും ജനങ്ങള്‍ പറയുന്നു.










0 comments