ad
Deshabhimani

മുണ്ടത്തിക്കോട്‌ സതീഷിന് അന്ത്യാഞ്ജലി

സ്വപ്‌നങ്ങൾ മാത്രം ബാക്കി

മുണ്ടത്തിക്കോട് വെടിക്കോപ്പ് ദുരന്തത്തിൽ മരിച്ച വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട്‌  സതീഷിന്  
മന്ത്രി ആർ ബിന്ദു ആദരാഞ്ജലി അർപ്പിക്കുന്നു

മുണ്ടത്തിക്കോട് വെടിക്കോപ്പ് ദുരന്തത്തിൽ മരിച്ച വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട്‌ സതീഷിന് 
മന്ത്രി ആർ ബിന്ദു ആദരാഞ്ജലി അർപ്പിക്കുന്നു

avatar
അജീഷ്‌ കർക്കിടകത്ത്‌

Published on Apr 26, 2026, 12:18 AM | 1 min read


മുണ്ടത്തിക്കോട്‌

എവിടെ പോകുമ്പോഴും അച്ഛൻ നല്ല വസ്ത്രം ധരിക്കണമെന്നായിരുന്നു മുണ്ടത്തിക്കോട്‌ സതീഷിന്റെ മക്കളുടെ ആഗ്രഹം. വെടിക്കോപ്പ്‌ നിർമാണമായിരുന്നതിനാൽ അതിന്‌ കഴിയുമായിരുന്നില്ല. മൃതദേഹം ചിതയിലേക്ക്‌ എടുക്കാൻ നേരം പുതിയ ഷർട്ടും ഡബിൾ മുണ്ടും ഭാര്യ പ്രജി മൃതദേഹത്തിന്റെ മുകളിൽവച്ചു. മരണ സമയത്തുപോലും അതിനു കഴിഞ്ഞില്ലല്ലോ എന്നും പറഞ്ഞ്‌ അമ്മ കമലാക്ഷി പൊട്ടിക്കരഞ്ഞത്‌ കണ്ടുനിന്നവരെയാകെ കണ്ണീരിലാഴ്‌ത്തി. ​മാനത്ത്‌ വർണങ്ങൾ വിരിയിക്കുമ്പോഴും സതീഷിന്റെ ജീവിതത്തിന്‌ അത്ര നിറങ്ങളുണ്ടായിരുന്നില്ല. ഓരോ പൂരക്കാലവും ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്‌നം ബാക്കിയാക്കി വെടിക്കെട്ട്‌ കലാകാരൻ മുണ്ടത്തിക്കോട്‌ സതീഷ്‌ മടങ്ങി. മുണ്ടത്തിക്കോട് സ്‌കൂളിലെ പൊതുദർശനത്തിന്‌ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ആയിരങ്ങൾ മാനത്ത് വിസ്മയം തീർക്കുന്ന പ്രിയ കലാകാരനെ ഒരുനോക്കു കാണാൻ ഒഴുകിയെത്തി. പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിച്ച ശേഷം പകൽ മൂന്നോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മൂത്തമകൾ നേഹയാണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. ​ മൂന്ന്‌ പതിറ്റാണ്ടിലേറെയായി സതീഷിന്റെ ജീവിതം വെടിക്കെട്ടിനൊപ്പമായിരുന്നു. അനുനിമിഷം അപകടം മുന്നിലുണ്ടെന്ന്‌ അറിയാമെങ്കിലും അച്ഛൻ മണിയിൽനിന്ന്‌ പകർന്ന്‌ കിട്ടിയ കന്പം ജീവിതമായി. പുറമേനിന്ന്‌ കാണുന്ന വർണപ്പകിട്ട്‌ മറ്റു വെടിക്കെട്ട്‌ കലാകാരന്മാരുടെ ജീവിതത്തിലെന്ന പോലെ സതീഷിനും ഉണ്ടായിരുന്നില്ല. വീടിന്റെ നിർമാണം ഇപ്പോഴും പൂർത്തിയാക്കാനായിട്ടില്ല. ഏറെ സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ്‌ തിരുവന്പാടിയുടെ ലൈസൻസിയായ സതീഷിന്‌ ജീവൻ നഷ്ടമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home