പുലിച്ചുവടുകൾ നിലച്ചു

പുലികളി വേഷത്തിൽ രാകേഷ് (ഫയൽ ചിത്രം)പുലികളി വേഷത്തിൽ രാകേഷ് (ഫയൽ ചിത്രം)
അജീഷ് കർക്കിടകത്ത്
Published on Apr 28, 2026, 12:15 AM | 1 min read
തൃശൂർ
നാലോണ നാളിൽ തൃശൂരിന്റെ നഗര ഹൃദയത്തെ ഇളക്കിമറിക്കുന്ന പുലിവേഷത്തിൽ ത്രസിപ്പിക്കാൻ ഇനി രാകേഷില്ല. നാടിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം രാകേഷിന്റെയും ജീവൻ കവർന്നു. മുണ്ടത്തിക്കോട് വെടിക്കോപ്പു നിർമാണശാലയിലെ പണി കഴിഞ്ഞാലുടൻ പൂരത്തിന്റെ ഭാഗമായി പുലികളി വേഷം കെട്ടാമെന്ന് ഏറ്റാണ് രാകേഷ് പോയത്. മകന്റെ പുലിവേഷത്തിന്റെ വസ്ത്രങ്ങൾ കഴുകി തേച്ച് കവറിലിട്ട് വയ്‌ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം അമ്മ ലക്ഷ്‌മി വസ്‌ത്രം തയ്യാറാക്കി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കെത്തിയത് മകന്റെ മൃതദേഹമായിരുന്നു. വിയ്യൂർ യുവജനസംഘത്തിന്റെ പുലികളി ടീമിലാണ് രാകേഷ് സ്ഥിരമായി ഭാഗമാകാറുള്ളത്. പുലികളിയുമായി ദുബായ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും ഭാഗമായി. അച്ഛൻ രാജൻ പക്ഷാഘാതത്തെ ത്തുടർന്ന് കിടപ്പിലാണ്. വീട്ടിലെത്തിയാൽ അമ്മയ്ക്കൊപ്പം അച്ഛനെ പരിചരിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും രാകേഷാണ്. വെടിക്കെട്ട് നിർമാണശാലയിൽ പത്ത് വർഷത്തിലേറെയായി തൊഴിലാളിയാണ്. കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിന് സജീവമായി രാകേഷ് ഉണ്ടായിരുന്നു. ഇങ്ങനെ എല്ലായിടത്തും എല്ലാവർക്കും ഒപ്പം നിറസാന്നിധ്യമായിരുന്ന രാകേഷിന് പുലികളി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള വെടിക്കോപ്പ് നിർമാണത്തിനിടയിൽത്തന്നെ ജീവൻ നഷ്ടമായി.










0 comments