ad
Deshabhimani

ഗോവ കാണാം 
കെഎസ്‌ആർടിസിയിൽ

..
avatar
ജിബിന സാഗരന്‍

Published on Mar 18, 2026, 12:08 AM | 1 min read

തൃശൂര്‍

കെഎസ്ആര്‍ടിസിയില്‍ ഇനി ഗോവയിലേയ്ക്കും ടൂറ് പോകാം. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് നടത്തിയ പരീക്ഷണയാത്രകളുടെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഗോവ ടൂര്‍ പാക്കേജ് ആരംഭിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കും. നിലവില്‍ കേരളത്തിലെ 93 ഡിപ്പോകളില്‍ ബജറ്റ് ടൂറിസം വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാന ഡിപ്പോകളില്‍ ഗോവ പാക്കേജ് നടപ്പാക്കും. മൂന്നുപകലും രണ്ട് രാത്രിയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. രാമേശ്വരം, മധുര ടൂര്‍ പാക്കേജുകള്‍ക്ക് സമാനമായാണിത് ആവിഷ്കരിക്കുന്നത്. കേരളത്തിനുള്ളിലെ പരമാവധി വിനോദ സഞ്ചാരകേന്ദ്രങ്ങളെ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിന് പുറത്തേക്കും ബജറ്റ് ടൂറിസം യാത്രകള്‍ ആരംഭിച്ചത്. യുവാക്കളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അതുകൊണ്ടുതന്നെ ഈ പാക്കേജിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദൂരയാത്രകള്‍ക്കായി ഉപയോഗിക്കുന്ന സൂപ്പര്‍ ഡീലക്സ് ബസുകളാകും ഗോവയിലേക്കുള്ള യാത്രയ്ക്കും ഉപയോഗിക്കുക. തമിഴ്നാട് പാക്കേജുകള്‍ പോലെ ഗോവ പാക്കേജുകള്‍ക്കും കേരള ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ (കെടിഡിഎസ്) സഹകരണമുണ്ടാകും. തമിഴ്നാട് പാക്കേജുകള്‍ക്കൊപ്പം മൂന്നാര്‍, ഗവി എന്നീ പാക്കേജുകള്‍ക്കും ജനപ്രീതിയേറെയാണ്. നെഫര്‍ട്ടിറ്റി സീ ക്രൂയിസ് യാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബജറ്റ് ടൂറിസത്തിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഡിപ്പോ തിരുവനന്തപുരമാണ്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വിവാഹത്തിനും മറ്റ് ആഘോഷയാത്രകള്‍ക്കുമായി ഓര്‍ഡിനറി, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ് ബസുകള്‍ വാടകയ്ക്കും നല്‍കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home